മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രത്തിലെ പുതിയ അമ്മ സാവിത്രി അന്തർജനം പൂജ ആരംഭിച്ചു

Advertisement

ഹരിപ്പാട്: മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രത്തിലെ പുതിയ അമ്മയായ സാവിത്രി അന്തർജ്ജനം ഇന്ന് രാവിലെ എട്ടിനും ഒമ്പതിനും ഇടയിലുള്ള മുഹൂർത്തിൽ ക്ഷേത്ര ശ്രീകോവിലിൽ നാഗരാജാവിന്റെ പൂജ ആരംഭിച്ചു. മുഖ്യപൂജാരിണിയായിരുന്ന ഉമാദേവി അന്തർജ്ജനത്തിന്റെ വിയോഗത്തെ തുടർന്നാണ് സാവിത്രി അന്തർജ്ജനത്തിലേക്ക് നിയോഗമെത്തിയത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് ഒമ്പതിനാണ് ഉമാദേവി അന്തർജ്ജനം അന്തരിച്ചത്. ഇതിനെ തുടർന്നുള്ള സംവൽസര ദീക്ഷ പൂർത്തിയായതോടെയാണ് ക്ഷേത്ര ശ്രീകോവിലിൽ അമ്മ നാഗരാജാവിന്റെ പൂജകൾ ആരംഭിക്കുന്നത്.

ഉമാദേവി അന്തർജ്ജനത്തിന്റെ വിയോഗത്തെ തുടർന്നാണ് മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രത്തിലെ പുതിയ അമ്മയായി സാവിത്രി അന്തർജ്ജനം അവരോധിതയായത്. കഴിഞ്ഞ വർഷം ഉമാദേവി അന്തർജ്ജനത്തിന്റെ അന്ത്യകർമ്മങ്ങൾ നടന്നതിനൊപ്പം നിലവറയുടെ തെക്കേത്തളത്തിൽ പുതിയ അമ്മയുടെ സ്ഥാനാരോഹണവും നടന്നിരുന്നു.

അന്തരിച്ച അമ്മയുടെ പാദതീർത്ഥം അഭിഷേകം ചെയ്താണ് സാവിത്രി അന്തർജ്ജനം മുഖ്യപൂജാരിണിയായി അവരോധിക്കപ്പെട്ടത്. കോട്ടയം കാഞ്ഞിരക്കാട്ട് ഇല്ലത്ത് ശങ്കരൻ നമ്പൂതിരിയുടെയും ആര്യ അന്തർജ്ജനത്തിന്റെയും രണ്ടാമത്തെ മകളാണ് പുതിയ അമ്മയായ സാവിത്രി അന്തർജ്ജനം (83). മുൻകാരണവർ എം വി സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ ഭാര്യയുമാണ്. നിലവിലെ കാരണവർ പരമേശ്വരൻ നമ്പൂതിരിയുടെ ഭാര്യ സതീദേവി അന്തർജ്ജനമാണ് ഇളയമ്മ.

Advertisement