പ്രേംകുമാർ ചലച്ചിത്ര അക്കാദമിയുടെ താൽകാലിക ചെയർമാൻ

Advertisement

പ്രേംകുമാർ ചലച്ചിത്ര അക്കാദമിയുടെ താൽകാലിക ചെയർമാനായി ചുമതലയേറ്റു. ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് മുൻ ചെയർമാൻ രഞ്ജിത്ത് രാജിവെച്ചതിനെ തുടർന്നാണ് പ്രേംകുമാർ അധ്യക്ഷ സ്ഥാനത്തേക്ക് വരുന്നത്. ഇതാദ്യമായാണ് സംവിധായകനല്ലാത്ത ഒരാൾ അക്കാദമിയുടെ തലപ്പത്തിരിക്കുന്നതെന്നതും ശ്രദ്ധേയം. വൈസ് ചെയർമാനായിരുന്ന പ്രേംകുമാറിന് താത്കാലിക ചുമതല കൂടി നൽകുകയായിരുന്നു.

സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണം, സിനിമാ കോൺക്ലേവ്, കേരള അന്താരാഷ്ട്ര ചലച്ചിത്രമേള തുടങ്ങിയ ദൗത്യങ്ങളാണ് പ്രേംകുമാറിന് ഏകോപിക്കാനുള്ളത്. രഞ്ജിത്തിൻറെ രാജിയെത്തുടർന്ന് സംവിധായകൻ ഷാജി എൻ. കരുണിൻറെ പേര് അക്കാദമി പരിഗണിച്ചിരുന്നു. ബീന പോളിനെ ചെയർപേഴ്സൺ ആക്കണമെന്ന് ഡബ്ല്യു.സി.സി ആവശ്യമുയർത്തി. ഇതിനുപിന്നാലെയാണു വൈസ് ചെയർമാൻ പ്രേംകുമാറിന് താൽക്കാലിക ചുമതല നൽകി സർക്കാർ പ്രശ്നം പരിഹരിച്ചത്.

2022-ലാണ് പ്രേംകുമാർ ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനായി ചുമതലയേൽക്കുന്നത്. 100-ഓളം ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള പ്രേംകുമാർ 18 ചിത്രങ്ങളിൽ നായകനായിട്ടുണ്ട്. 2024 ൽ റിലീസ് ചെയ്ത ‘സി.ഐ.ഡി രാമചന്ദ്രൻ റിട്ട.എസ്.ഐ’ ആണ് അഭിനയിച്ചതിൽ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

Advertisement