ചൊക്രമുടി കയ്യേറ്റ ഭൂമിയിൽ വ്യാജരേഖ ചമക്കാൻ റവന്യൂ മന്ത്രി കെ രാജനും, സിപിഐ ജില്ലാ സെക്രട്ടറി കെ സലിം കുമാറും കൂട്ടുനിന്നു എന്ന് ആരോപണം

Advertisement

ഇടുക്കി. ചൊക്രമുടി കയ്യേറ്റ ഭൂമിയിൽ വ്യാജരേഖ ചമക്കാൻ റവന്യൂ മന്ത്രി കെ രാജനും, സിപിഐ ജില്ലാ സെക്രട്ടറി കെ സലിം കുമാറും കൂട്ടുനിന്നു എന്ന് ആരോപണം. അടിമാലി സ്വദേശി സിബി ജോസഫിന് വ്യാജരേഖ ചമക്കാൻ റവന്യൂ വകുപ്പ് ഒത്താശ ചെയ്തെന്നാണ് സിപിഐ ബൈസൺ വാലി മുൻ ലോക്കൽ സെക്രട്ടറി എം ആർ രാമകൃഷ്ണൻ പറയുന്നത്.


റെഡ് സോണിൽ പെടുന്ന ചൊക്രമുടിയിൽ അനധികൃത നിർമ്മാണം നടത്തുന്നു എന്ന പരാതിയിൽ അടിയന്തര നടപടിക്ക് റവന്യൂ മന്ത്രിയുടെ ഓഫീസ് ഇന്നലെ ഉത്തരവിട്ടിരുന്നു. ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. ഇതിന് പിന്നാലെയാണ് കയ്യേറ്റത്തിന് കൂട്ടുനിന്നത് റവന്യൂ മന്ത്രി കെ രാജനും സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാറും ആണെന്ന് ആരോപണം ഉയർന്നത്. ആരോപണം ഉന്നയിക്കുന്ന സിപിഐ നേതാവ് രാമകൃഷ്ണൻ ചൊക്ര മുടിയിലെ 12 ഏക്കർ കൈവശഭൂമി സിബി ജോസഫ് എന്ന വ്യക്തിക്ക് കൈമാറിയിരുന്നു. 7 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഭൂമിയിൽ വ്യാജ പട്ടയം ഉണ്ടാക്കി നിരാക്ഷേപ പത്രം വാങ്ങി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയെന്നാണ് രാമകൃഷ്ണൻ പറയുന്നത്.

രാമകൃഷ്ണന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് സിബി ജോസഫ് തന്നെ പ്രതികരിച്ചു. വ്യാജ ആരോപണം എന്ന നിലപാടിലാണ് സിപിഐ ജില്ലാ നേതൃത്വവും. ഇടുക്കി ജില്ലയിലെ സിപിഐ വിഭാഗീയതയും ആരോപണം ഉയർന്നതിന് പിന്നിലുണ്ട്. സിപിഐയുടെ കർഷക സംഘടനയായ കിസാൻ സഭയും റവന്യൂ വകുപ്പിനെതിരെ പരോക്ഷ വിമർശനവുമായി രംഗത്തെത്തി.

Advertisement