മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ വ്യാപക സംഘർഷം

Advertisement

തിരുവനന്തപുരം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ വ്യാപക സംഘർഷം. രണ്ടു മണിക്കൂറോളം നേരം സെക്രട്ടറിയേറ്റ് പരിസരം യുദ്ധക്കളമായി. പോലീസ് ലാത്തിച്ചാർജിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബിൻ വർക്കിയ്ക്കടക്കം എട്ടു പേർക്ക് പരിക്ക്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥരെ വ്യക്തിപരമായി നേരിടുമെന്ന് സമരമുഖത്തെത്തിയ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വെല്ലുവിളിച്ചു.അധോലോകത്തെ തിരിച്ചറിയുന്ന ഏതാളുടെ ആരോപണവും യൂത്ത് കോൺഗ്രസ് ഏറ്റെടുക്കുമെന്ന് രാഹുൽ മാങ്കുട്ടത്തിൽ പി വി അൻവറിൻ്റെ പരിഹാസത്തിന് മറുപടി നൽകി.

എം എം ഹസ്സന്റെ ഉദ്ഘാടന പ്രസംഗം അവസാനിക്കുന്നതിനു മുമ്പേ പ്രവർത്തകർ ബാരിക്കേഡ് ഭേദിക്കാനുള്ള ശ്രമം ആരംഭിച്ചു. പോലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു.

പോലീസിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊടിയും
കൊടിക്കമ്പുകളും കല്ലും വലിച്ചെറിഞ്ഞു. ജലപീരങ്കി വാഹനമായ വരുണിന് മുകളിൽ കയറി നിന്ന് മുദ്രാവാക്യ മുഴക്കി.സംയ്മനം പാലിച്ച് നിന്ന പോലീസിന് നേരെ പലതവണ പ്രകോപന ശ്രമം. ഷീൽഡ് റോഡിലെറിഞ്ഞ് അടിച്ച് തകർത്തു.

സെക്രട്ടറിയേറ്റ് മതിൽ ചാടി കടക്കാൻ ശ്രമിച്ച വനിതാ പ്രവർത്തകരെ പോലീസ് തടഞ്ഞതും സംഘർഷം ഇരട്ടിയാക്കി. പ്രകോപനം എല്ലാ പരിധിയും വിട്ടതോടെ പോലീസ് ലാത്തി വീശി. പോലീസും പ്രവർത്തകരും നേർക്കുനേർ ഏറ്റുമുട്ടിയതോടെ സെക്രട്ടറിയേറ്റ് പരിസരം യുദ്ധക്കളമായി.

അബിൻ വർക്കിയടക്കം 8 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ലാത്തിചാർജിൽ സാരമായി പരിക്കേറ്റു. മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡുപരോധിച്ചു.

കെപിസിസി അധ്യക്ഷൻ കെ സുധാകരൻ സമരസ്ഥലത്തെത്തിയാണ് അബിൻ വർക്കിയെ ആശുപത്രിയിലേക്ക് മാറ്റിയത്.

കല്ലേറിലും സംഘർഷത്തിലും 5 പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെയുള്ള പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. പത്തനംതിട്ടയിലും കോട്ടയത്തും തൃശ്ശൂരും ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചുകളും സംഘർഷത്തിൽ കലാശിച്ചു.

Advertisement