തിരുവനന്തപുരം. പി.വി അൻവർ എം.എൽ.എയുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ സെക്രട്ടറിയേറ്റ് മാർച്ച് ഇന്ന്. രാവിലെ 11 മണിക്കാണ് കെ.പി.സി.സി ആഹ്വാനം ചെയ്ത മാർച്ച്. എം.എൽ.എ ഹോസ്റ്റലിന് സമീപത്ത് നിന്ന് ആരംഭിച്ച് പാളയം രക്തസാക്ഷി മണ്ഡപം വഴി സെക്രട്ടറിയേറ്റിനു മുന്നിലേക്ക് മാർച്ച് എത്തുമെന്ന് കെപിസിസി അറിയിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ, കേരളത്തിൻറെ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി തുടങ്ങിയവർ മാർച്ചിൽ പങ്കെടുക്കും.
ആയിരത്തിലധികം പ്രവർത്തകരെ സമരത്തിൽ അണിനിരത്താനാണ് ശ്രമം. കഴിഞ്ഞദിവസം സെക്രട്ടറിയേറ്റിലേക്ക് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് സംഘർഷഭരിതമായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കി മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ തലയ്ക്ക് പരുക്കേറ്റ് ഇപ്പോഴും ചികിത്സയിലാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെയുള്ള നാല് സംസ്ഥാന ഭാരവാഹികളെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. പൊലീസിനെ അക്രമിക്കൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി എടുത്ത കേസിലാണ് റിമാൻഡ്. യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് നേരെ പൊലീസ് നരനായാട്ട് നടത്തി എന്നാണ് നേതാക്കളുടെ ആക്ഷേപം. ഈ പശ്ചാത്തലത്തിൽ സമരം കോൺഗ്രസ് ഏറ്റെടുക്കുമെന്ന് ഇന്നലെ കെ സുധാകരൻ വ്യക്തമാക്കിയിരുന്നു.