വീട്ടമ്മയുടെ ബലാത്സംഗ ആരോപണത്തിന് പിന്നിൽ ഗൂഢാലോചന; കരിയറും കുടുംബവും തകർക്കാൻ ശ്രമം: സുജിത് ദാസ്

Advertisement

വീട്ടമ്മയുടെ ബലാത്സംഗ ആരോപണത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്ന് മലപ്പുറം എസ് പിയായിരുന്ന സുജിത് ദാസ്. ആരോപണത്തിനെതിരെ കേസ് നൽകും. 2022ൽ തന്റെ എസ് പി ഓഫീസിൽ കുട്ടിക്കും സഹോദരനും ഒപ്പമാണ് സ്ത്രീ എത്തിയത്. നിരന്തരമായി പോലീസിനെതിരെ കേസ് കൊടുക്കുന്ന സ്ത്രീയാണ് ഇത്തരം ആരോപണവുമായി ഇപ്പോൾ രംഗത്തുവന്നത്

ഒരു എസ് എച്ച് ഒക്കെതിരെ നൽകിയ പരാതി സ്‌പെഷ്യൽ ബ്രാഞ്ചിനെ വെച്ച് അന്വേഷിച്ചതാണ്. പരാതിയിൽ കഴമ്പില്ലെന്ന് കണ്ട് തള്ളിയതാണ്. പിന്നീട് ഈ പരാതിക്കാരിയെ കണ്ടിട്ടില്ല. കുടുംബം പോലും തകർക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഇതിനെ നിയമപരമായി നേരിടും. ഉന്നയിച്ച ആരോപണങ്ങളെല്ലാം വസ്തുതാവിരുദ്ധമാണ്

പൊന്നാനി പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ നിരന്തരം പരാതി നൽകുന്ന സ്ത്രീയാണ് ഇവരെന്നാണ് മനസ്സിലാക്കുന്നത്. വ്യക്തിപരമായി ലക്ഷ്യമിട്ട് ഔദ്യോഗിക ജീവിതവും വ്യക്തി ജീവിതവും തകർക്കാനുള്ള ഗൂഢനീക്കമാണിതെന്നും സുജിത് ദാസ് പറഞ്ഞു

മലപ്പുറം എസ് പിയായിരുന്ന സുജിത് ദാസിനെതിരെയാണ് ബലാത്സംഗ ആരോപണവുമായി വീട്ടമ്മ രംഗത്തുവന്നത്. എസ് പിയും എസ് എച്ച് ഒ ആയിരുന്ന വിനോദും തന്നെ ബലാത്സംഗം ചെയ്‌തെന്ന് യുവതി പറയുന്നു. പിവി അൻവർ വെളിപ്പെടുത്തിയതോടെയാണ് താനും തുറന്ന് പറയുന്നതെന്ന് വീട്ടമ്മ പറഞ്ഞു. ഇന്നലെ പൊന്നാനിയിലെ സിപിഎം നേതാവിന്റെ വീട്ടിലെത്തിയ പിവി അൻവറിനെ പോയി കണ്ടിരുന്നുവെന്നും യുവതി പറഞ്ഞു

എസ് പി സുജിത് ദാസ് രണ്ട് തവണ ബലാത്സംഗം ചെയ്തു. പരാതി പറയരുതെന്ന് സുജിത് ദാസ് ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രി തന്റെ അങ്കിളാണെന്ന് പറഞ്ഞു. രണ്ടാമത്തെ തവണ ബലാത്സംഗം ചെയ്യുമ്പോൾ ഒരു ഉദ്യോഗസ്ഥൻ കൂടെയുണ്ടായിരുന്നു. കസ്റ്റംസിലെ ഉദ്യോഗസ്ഥനാണെന്നും അയാൾക്ക് കൂടി വഴങ്ങണമെന്നും സുജിത് ദാസ് ആവശ്യപ്പെട്ടു.

പരാതിയുമായി രണ്ട് തവണ സുജിത് ദാസിനെ കണ്ടിരുന്നു. പിന്നീട് കുട്ടിയില്ലാതെ തനിച്ച് വരാൻ എസ് പി നിർദേശിച്ചു എസ് പി ഓഫീസിന് കുറച്ചകലെയായി മറ്റൊരു വീട്ടിലേക്ക് ഒരാൾ കൂട്ടിക്കൊണ്ടുപോയി. അവിടെ എസ് പി ഉണ്ടായിരുന്നു. അവിടെ വെച്ചാണ് പീഡിപ്പിച്ചത്. പിന്നീട് പലപ്പോഴായി വീഡിയോ കോൾ വിളിക്കുമായിരന്നു

രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും വിളിച്ചു. കസ്റ്റംസിലെ സുഹൃത്ത് വന്നെന്ന് പറഞ്ഞാണ് വിളിച്ചത്. അവിടെ പോയപ്പോൾ ഇരുവരും മദ്യപിക്കുകയായിരുന്നു. തനിക്ക് ജ്യൂസ് തന്നെന്നും ബലാത്സംഗം ചെയ്‌തെന്നും വീട്ടമ്മ പറയുന്നു.

Advertisement