എഡിജിപി ബിജെപി നേതാവിനെ കണ്ടത് മുഖ്യമന്ത്രിയുടെ ദൂതനായി;  കുഴൽപണ കേസിൽ നിന്ന് രക്ഷപെടുത്തിയതിൻ്റെ നന്ദിയാണ് സുരേന്ദ്രനെന്നും വി ഡി സതീശൻ

Advertisement

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദൂതനായിട്ടാണ് എഡിജിപി എം ആർ അജിത്ത് കുമാർ ബി ജെ പി നേതാവിനെ തൃശൂരിൽ കണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
പി വി അൻവർ ഇന്ന് തനിക്കെതിരെ ഉന്നയിച്ച ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പുനർജനി കേസ് ഇപ്പോൾ ഇഡി അന്വേഷിക്കുകയാണ്. മീൻ വണ്ടിയിൽ 150 കോടി കടത്തിയെന്ന് നിയമ സഭയിൽ അൻവർ ഉന്നയിച്ച പരാതി കൂടി ഇ ഡി അന്വേഷിക്കട്ടെയെന്നും സതീശൻ പറഞ്ഞു.
ആഭ്യന്തര മന്ത്രിയുടെ ദൂതനായി തന്നെയാണ് എഡിജിപി കൂടികാഴ്ച നടത്തിയതെന്ന് സതീശൻ ആവർത്തിച്ചു.മുഖ്യമന്ത്രിക്കെതിരെയുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണം അവസാനിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു കൂടി കാഴ്ച.മുമ്പും പല പോലീസ് ഉദ്യോഗസ്ഥരെയും പിണറായി ഇതുപോലെ ഉപയോഗപ്പെടുത്തിയിട്ടുണ്ടന്നും സതീശൻ ആരോപിച്ചു. ലോക് നാഥ് ബഹ്റയുടെ ഡൽഹി ബന്ധം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. മസ്ക്കറ്റ് ഹോട്ടലിൽ ബിജെപി നേതാക്കളുമായി മുഖ്യമന്ത്രി കൂടി കാഴ്ച നടത്തിയിട്ടുണ്ട്.ആർ എസ് എസ് മുഖപത്രമായ ഓർഗനൈസറിൻ്റെ ചുമതലയുണ്ടായിരുന്ന ബാല ശങ്കർ സി പി എം – ബി ജെ പി ബന്ധത്തെപ്പറ്റി മുമ്പ് പറഞ്ഞിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.
കേന്ദ്ര ഏജൻസികൾ പ്രത്യേക പ്രിവിലേജ് ആണ് പിണറായിക്ക് നൽകുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതായി സതീശൻ പറഞ്ഞു.ഈ ബന്ധമാണ് പൂരം കലക്കലിലേക്കും ബി ജെ പിയുടെ വിജയത്തിലേക്കും, എത്തിയതെന്നും സതീശൻ പറഞ്ഞു. കുഴൽപ്പണ കേസിൽ രക്ഷപ്പെടുത്തിയതിൻ്റെ നന്ദിസൂചകമായിട്ടാണ് കെ.സുരേന്ദ്രൻ പിണറായിക്കു വേണ്ടി വാദിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Advertisement