നഗരപരിധിയിൽ ജലവിതരണം ഭാഗികമായി പുനസ്ഥാപിച്ചു

Advertisement

തിരുവനന്തപുരം. നാലുദിവസമായി കുടിവെള്ളം മുടങ്ങിയ തിരുവനന്തപുരം നഗരപരിധിയിൽ ജലവിതരണം ഭാഗികമായി പുനസ്ഥാപിച്ചു. ഇന്ന് ഉച്ചയോടെ എല്ലായിടങ്ങളിലും ജലവിതരണം പൂർണ്ണ സജ്ജമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. നഗരവാസികളെ സമാനതകളില്ലാത്ത ദുരിതത്തിലേക്ക് തള്ളിവിട്ടതിൻ്റെ ഉത്തരവാദിത്വം ആർക്കാണ് എന്ന ചോദ്യമാണ് ബാക്കി.

ഇന്നലെ രാത്രി 10 മണിയോടെയാണ് നാലുദിവസം നീണ്ട അറ്റകുറ്റ പണികൾ പൂർത്തിയാക്കിയത്. പിന്നാലെ പമ്പിങ് ആരംഭിച്ച് രണ്ടുമണിക്കൂറിനുള്ളിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം എത്തി. നഗരത്തിലെ ഉയരം കൂടിയ സ്ഥലങ്ങളിലാണ് ഇനി വെള്ളം പൂർണതോതിൽ എത്തേണ്ടത്. ശക്തി ക്കൂട്ടി പമ്പിംഗ് നടത്തുന്നതോടെ ഉച്ചയ്ക്ക് മുൻപ് എല്ലായിടങ്ങളിലും വെള്ളം എത്തുമെന്നാണ് പ്രതീക്ഷ. അവസാന പരാതി പരിഹരിക്കുംവരെയും നഗരസഭയുടെ നേതൃത്വത്തിൽ ടാങ്കറിൽ വെള്ളമെത്തിക്കും എന്ന് നേരത്തെ ആര്യ രാജേന്ദ്രൻ വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം, നാഗർകോവിൽ റെയിൽപാത ഇരട്ടിപ്പിക്കലിൻ്റെ ഭാഗമായാണ് ജലവിതരണം പ്രതിസന്ധിയിലായത്. പ്രധാന പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കേണ്ടതിനാൽ ഒരു ദിവസം ജലവിതരണം മുടങ്ങുമെന്നായിരുന്നു ആദ്യത്തെ അറിയിപ്പ്. എന്നാൽ നാല് ദിവസം വെള്ളം മുടങ്ങിയതോടെ നഗരവാസികൾ സമാനതകളില്ലാത്ത പ്രതിസന്ധിയെ നേരിട്ടു. വാട്ടർ അതോറിറ്റിയുടെ ഏകോപനമില്ലായ്മയാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് പ്രധാന പരാതി. പല പ്രധാന വാൽവുകളുടെയും സ്കെച്ചുകൾ ഉൾപ്പെടെ റെയിൽവേയുടെയോ, നഗരസഭയുടെയോ കയ്യിലില്ലെന്നതാണ് മറ്റൊരു പരാതി. പ്രതിപക്ഷവും വിഷയം രാഷ്ട്രീയമായി ഏറ്റെടുത്തിട്ടുണ്ട്. കൂടുതൽ രാഷ്ട്രീയ ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഈ ദിവസം പ്രതീക്ഷിക്കാം. കുടിവെള്ള പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നഗരസഭ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.