ചടയൻ ഗോവിന്ദൻ അനുസ്മരണത്തിൽ പങ്കെടുത്തില്ല,പാർട്ടിയോടുള്ള പിണക്കം തുടർന്ന് ഇ പി ജയരാജൻ

Advertisement

തിരുവനന്തപുരം.ഇടതുമുന്നണി കൺവീനർ പദവിയിൽ നിന്ന് നീക്കിയിട്ട് 10 ദിവസം പിന്നിടുമ്പോഴും പാർട്ടിയോടുള്ള പിണക്കം തുടർന്ന് ഇ പി ജയരാജൻ. പാർട്ടി നിശ്ചയിച്ചിട്ടും കണ്ണൂരിലെ ചടയൻ ഗോവിന്ദൻ അനുസ്മരണത്തിൽ പങ്കെടുത്തില്ല. അതേസമയം തനിക്ക് എന്ത് ലഭിച്ചുവെന്ന് മാത്രം ചിന്തിക്കുന്ന ചിലർ പാർട്ടിയിലുണ്ടെന്ന് ഇ പിക്കെതിരെ പി ബി അംഗം എ വിജയരാഘവൻ ഒളിയമ്പെയ്തു.

എൽഡിഎഫ് കൺവീനർ പദവിയിൽ നിന്ന് നീക്കിയതിന് പിന്നാലെ കണ്ണൂർ കീച്ചേരിയിലെ വീട്ടിലെത്തിയ ഇ പി ജയരാജൻ പിന്നീട് പാർട്ടി വേദികളിൽ എത്തിയിട്ടില്ല. പദവി മാറ്റത്തിൽ വിശദീകരണമില്ല വിമർശനങ്ങൾക്ക് മറുപടിയുമില്ല. കടുത്ത അതൃപ്തിയെങ്കിലും മൗനം. ചടയൻ ഗോവിന്ദൻ അനുസ്മരണ പരിപാടിയിൽ കേന്ദ്ര കമ്മിറ്റി അംഗത്തിന്റെ സാന്നിധ്യം ജില്ലാ നേതൃത്വം നിശ്ചയിച്ചിരുന്നു. ഇ പിയുടെ പേര് ഉൾപ്പെടുത്തിയുള്ള കുറിപ്പ് ജില്ലാ സെക്രട്ടറി തന്നെ പുറത്തിറക്കുകയും ചെയ്തു. വീട്ടിലുണ്ടായിരുന്ന ഇ പി പക്ഷേ പയ്യാമ്പലത്തെ അനുസ്മരണ വേദിയിൽ എത്തിയില്ല. ഇ പി ജയരാജനെതിരെ ഒളിയമ്പുമായി പിബി അംഗം എ വിജയരാഘവൻ.

ആരോഗ്യപ്രശ്നങ്ങളെന്നും അസൗകര്യം അറിയിച്ചിരുന്നതായും വിശദീകരിച്ച് ജില്ലാ സെക്രട്ടറി എം വി ജയരാജൻ.

ആത്മകഥ വരുമെന്ന പ്രതികരണമൊഴിച്ചാൽ പരിഭവത്തിനിടയിലും അടുത്ത നീക്കങ്ങളിൽ സസ്പെൻസ് നില നിർത്തുകയാണ് ഇ പി ജയരാജൻ

Advertisement