കേരളത്തിന്‍റെ ബെവ്കോ മദ്യം ലക്ഷദ്വീപിലേക്ക്; വില്‍പ്പനയ്ക്ക് അനുമതി

Advertisement

തിരുവനന്തപുരം: കേരളത്തിലെ ബെവ്കോ മദ്യം വൈകാതെ ലക്ഷദ്വീപിലും ലഭിക്കും. മദ്യ നിരോധനം നിലനിൽക്കുന്ന ലക്ഷദ്വീപ് ടൂറിസ്റ്റുകൾക്കായി മദ്യം വാങ്ങാൻ തീരുമാനിച്ചതോടെയാണ് ഈ മാറ്റം. ടൂറിസ്റ്റുകള്‍ക്ക് വേണ്ടി കേരളത്തിലെ ബെവ്ക്കോയിൽ നിന്നും മദ്യം വാങ്ങാൻ ലക്ഷദ്വീപ് ഭരണകൂടമാണ് തീരുമാനിച്ചത്.

ലക്ഷദ്വീപ് തീരുമാനത്തിന് പിന്നാലെ മദ്യം വിൽക്കാൻ കേരള സർക്കാർ ബെവ്ക്കോയ്ക്ക് അനുമതിയും നൽകി. മദ്യനിരോധനമുള്ള കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിൽ എക്സൈസ് നിയമത്തിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണകൂടം ഭേദഗതി വരുത്തിയത് വൻ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. ടൂറിസ്റ്റുകളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് മദ്യ വിൽപ്പന നടത്താൻ ലക്ഷദ്വീപ് ഭരണകൂടം തീരുമാനിച്ചത്.

ബെഗാരം ദ്വീപിലാണ് ടൂറിസ്റ്റുകൾക്കായി മദ്യവിൽപ്പന നടത്തുക. ഇവിടേക്ക് മദ്യം വാങ്ങാനുള്ള അനുമതി തേടി ലക്ഷദ്വീപ് സൊസൈറ്റി ഫോർ പ്രമോഷൻ ഓഫ് നാച്വർ ടൂറിസം ആൻറ് സ്പോർട്സ് മാനേജിങ് ഡയറക്ടറാണ് എക്സൈസ് കമ്മീഷണർക്ക് അപേക്ഷ നൽകിയത്. കൊച്ചിയിലെയും ബേപ്പൂരിലെയും തുറമുഖകളിൽ നിന്ന് ലക്ഷദ്വീപിലേക്ക് വലിയതോതിൽ മദ്യം വാങ്ങികൊണ്ടുപോകണമെന്നായിരുന്നു ആവശ്യം. അപേക്ഷ പരിശോധിച്ച എക്സൈസ് കമ്മീഷണർ ലക്ഷദ്വീപ് അഡ്മിസ്ട്രേഷനുമായി ചർച്ച നടത്തിയാണ് തീരുമാനത്തിലെത്തിയത്.

മദ്യ വിൽപ്പന നടത്തുന്ന ബെവ്ക്കോയ്ക്ക് വരുമാനമുണ്ടാക്കുമെന്നതിനാൽ അനുമതി ആവശ്യപ്പെട്ട് സർക്കാരിന് എക്സൈസ് കമ്മീഷണർ കത്തു നൽകുകയായിരുന്നു. അബ്കാരി ചട്ടത്തിൽ ബെവ്ക്കോ വെയ്ർ ഹൗസില്‍ നിന്നും വേറെ സംസ്ഥാന ങ്ങളിലേക്കോ, കേന്ദ്ര ഭരണ പ്രദേശത്തേക്കോ നേരിട്ട് മദ്യ വിൽപ്പനക്ക് അനുമതിയില്ല. അതുകൊണ്ട് സർക്കാ പ്രത്യേക ഉത്തരവ് ഇറക്കണമെന്ന് എക്സൈസ് കമ്മീഷണർ ആവശ്യപ്പെടുകയായിരുന്നു.

എക്സൈസ് കമ്മീഷണറുടെ അപേക്ഷ പരിഗണിച്ച് സർക്കാർ, ഒറ്റത്തവണ ആയി ലക്ഷദ്വീപിലേക്ക് മദ്യവിൽപ്പന നടത്താൻ ബെവ്ക്കോയ്ക്ക് അനുമതി നൽകുകയായിരുന്നു.ഏതൊക്കെ ബ്രാൻഡ് വേണം, എത്ര രൂപക്ക് മദ്യം വേണം എന്നാവശ്യപ്പെട്ട് ലക്ഷദ്വീപ് ഭരണകൂടം പ്രത്യേക അപേക്ഷ ബെവ്കോയ്ക്ക് നൽകണം.

ഇതിനുപുറമെ മദ്യം അതിർത്തി കടത്തി കൊണ്ടുപോകാൻ എക്സൈസിന്‍റെ പ്രത്യേക അനുമതിയും വേണം. ഈ നടപടി പൂർത്തിയാക്കിയാൽ കോഴിക്കോട്, കൊച്ചി വെയർ ഹൗസുകളിൽ നിന്ന് ലക്ഷദ്വീപിലേക്ക് മദ്യം നൽകും. ആദ്യമായാണ് ഒരു കേന്ദ്രഭരണ പ്രദേശം കേരളത്തിൽ നിന്നും വലിയതോതിൽ മദ്യം വാങ്ങുന്നത്.

Advertisement