തിരുവനന്തപുരം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകൾ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ ഇന്നും സംഘർഷം.യുവമോർച്ച പ്രവർത്തകർ പോലീസുമായി നേർക്കുനേർ ഏറ്റുമുട്ടി. സെക്രട്ടറിയേറ്റ് മതിൽ ചാടിക്കടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീര പ്രയോഗിച്ചു. ആർഎസ്പിയുടെ യുവജന വിഭാഗമായ ആർവൈഎഫ് നടത്തിയ മാർച്ചിന് നേരെയും പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കൻ്റോൺമെൻ്റ് എസ് ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കി സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി.
പി വി അൻവർ എംഎൽഎയുടെ ആരോപണത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപിയുടെ യുവജന സംഘടന പ്രക്ഷോഭ രംഗത്തിറങ്ങുന്നത് ഇതാദ്യം. സമര ഗേറ്റിലേക്ക് എത്തവേ തന്നെ ബാരിക്കേഡ് ഭേദിക്കാൻ ശ്രമം. കൊടികൾ പോലീസിന് നേരെ വലിച്ചെറിഞ്ഞു. പോലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു.
സംസ്ഥാന അധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ്റെ നേതൃത്വത്തിൽ പ്രവർത്തകർ പോലീസിന് നേരെ പലതവണ ചിറീയടുത്തു. ഷീൽഡിൽ അടിച്ചും കയ്യൂക്ക് കാട്ടിയും വാക്കേറ്റം കയ്യാങ്കളിയുടെ വക്കോളമെത്തി.
സെക്രട്ടറിയേറ്റ് മതിൽ ചാടി കടക്കാനുള്ള യുവമോർച്ച പ്രവർത്തകരുടെ ശ്രമം പോലീസ് തടഞ്ഞു. പോലീസ് ലാത്തിക്ക് കുത്തി എന്നാരോപിച്ച് പ്രവർത്തകർ റോഡ് ഉപരോധിച്ചു.പരിക്കേറ്റ ജില്ലാ പ്രസിഡണ്ട് ആർ സജിത്ത് ഉൾപ്പെടെ രണ്ടു പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റി.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് RYF സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചും സംഘർഷത്തിൽ കലാശിച്ചു. ബാരിക്കേഡിന് മുകളിൽ കയറി വാഴ ഉയർത്തി കാട്ടിയായിരുന്നു RYF ൻ്റെ പ്രതിഷേധം. എസ്ഡിപിഐ നടത്തിയ മാർച്ചിന് നേരെയും പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കൻ്റോൺമെൻ്റ് എസ് ഐ ജിജു കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കി ആഭ്യന്തര സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകി.