വിഷ്ണുജിത്തിന്റെ ഫോൺ ഓണായി, സഹോദരി വിളിച്ചപ്പോൾ കട്ടാക്കി; ടവർ ലൊക്കേഷൻ കൂനൂരിൽ

Advertisement

മലപ്പുറം: പള്ളിപ്പുറത്തുനിന്നു കാണാതായ വിഷ്ണുജിത്തിന്റെ ഫോൺ ഓണായി. സഹോദരി വിളിച്ചപ്പോഴാണ് ഫോൺ റിങ് ചെയ്തത്. തുടർന്ന് മറുവശത്തുള്ളയാൾ ഫോൺ എടുത്തെങ്കിലും ഒന്നും സംസാരിക്കാതെ കട്ട് ചെയ്തു . തമിഴ്നാട് കൂനൂരിലാണ് ഫോൺ ഉള്ളതെന്നാണ് ടവർ ലൊക്കേഷൻ സൂചിപ്പിക്കുന്നത്. ആറു ദിവസം മുൻപു കാണാതായ മങ്കട പള്ളിപ്പുറം കുറന്തല വീട്ടിൽ വിഷ്ണുജിത്തിനെ (30) കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

സംഭവത്തിൽ അന്വേഷണസംഘം തമിഴ്നാട് പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. കോയമ്പത്തൂർ, മധുക്കര പൊലീസ് സ്റ്റേഷനിലേക്കും യുവാവിന്റെ ഫോട്ടോയും വിവരങ്ങളും കൈമാറി. വാളയാർ, കസബ പൊലീസ് സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. ഇതിനിടെ വിഷ്ണുജിത്ത് കഴിഞ്ഞ നാലിന് വൈകിട്ട് 7.45ന് പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തിയതായി വിവരം നൽകുന്ന സിസിടിവി ദൃശ്യങ്ങൾ സൗത്ത് പൊലീസിനു ലഭിച്ചിട്ടുണ്ട്. ബസ് സ്റ്റാൻഡിലൂടെ യുവാവ് കടന്നു പോവുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.

വിവാഹത്തിന് നാലു ദിവസം മുൻപാണ് വിഷ്ണുജിത്തിനെ കാണാതായത്. മഞ്ചേരി സ്വദേശിനിയായ യുവതിയുമായി ഈ മാസം എട്ടിനാണ് വിഷ്ണുജിത്തിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇവർ വർഷങ്ങളായി സുഹൃത്തുക്കളാണ്. ഉടൻ തിരിച്ചുവരാമെന്നു പറഞ്ഞ് നാലിന് രാവിലെയാണു വിഷ്ണുജിത്ത് വീട്ടിൽനിന്നു പോയത്.

വിവാഹത്തിനായി കുറച്ചു പണം സംഘടിപ്പിക്കാനുണ്ടെന്നും അതിനായി പാലക്കാട്ടു പോയതാണെന്നും പിന്നീട് വീട്ടിൽ വിളിച്ചറിയിച്ചു. പാലക്കാട് കഞ്ചിക്കോട്ടെ ഐസ് കമ്പനിയിലാണു വിഷ്ണുജിത്ത് ജോലി ചെയ്യുന്നത്. പണം ലഭിച്ചെന്നും ബന്ധുവിന്റെ വീട്ടിൽ തങ്ങിയ ശേഷം പിറ്റേന്നു വീട്ടിലെത്താമെന്നും രാത്രി എട്ടരയോടെ അമ്മയെ വിളിച്ചു പറഞ്ഞു. പിന്നീട് വീട്ടിലേക്കു വിളിച്ചിട്ടില്ല. തിരിച്ചു ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോൺ പരിധിക്കു പുറത്താണ്. വ്യാഴാഴ്ച രാവിലെയാണു കുടുംബം പൊലീസിൽ പരാതി നൽകിയത്.

ജോലി സ്ഥലത്തുനിന്ന് ഒരു ലക്ഷം രൂപ സംഘടിപ്പിച്ച വിഷ്ണുജിത്ത്, വീട്ടിലേക്കു മടങ്ങാനായി രാത്രി എട്ടോടെ പാലക്കാട് ബസ് സ്റ്റാൻഡിലെത്തിയതായി സുഹൃത്തുക്കൾ പറയുന്നു.വിഷ്ണുവിന് സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നതായും സുഹൃത്തുക്കൾ പറഞ്ഞു. ഒരു ചെറിയ ഇഷ്യു ഉണ്ട്, പണം കൊടുത്തില്ലെങ്കിൽ സീനാണ് എന്ന് സുഹൃത്തുക്കളോട് വിഷ്ണുജിത്ത് പറഞ്ഞിരുന്നതായി സഹോദരിയും മാധ്യമങ്ങളോട് പറഞ്ഞു.

വിവാഹാവശ്യത്തിനായി സുഹൃത്തിൽനിന്ന് വാങ്ങിയ ഒരു ലക്ഷം രൂപയും വിഷ്ണുജിത്തിന്റെ പക്കലുണ്ട്. നേരത്തെ ഇയാൾ കോയമ്പത്തൂരിലേക്ക് പോകാൻ ബസിൽ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.