ആലപ്പുഴ:
കൊച്ചി കടവന്ത്രയിൽ നിന്ന് കാണാതായ സുഭദ്രയുടേതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. ആലപ്പുഴ കലവൂരിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ മാസം നാലാം തീയതിയാണ് സുഭദ്രയെ കാണാനില്ലെന്ന് പോലീസിന് പരാതി ലഭിച്ചത്.
മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ സുഭദ്ര അവസാനം എത്തിയത് കലവൂരാണെന്ന് കണ്ടെത്തി. ഇതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഒരു മാസത്തോളമായി പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു.
കലവൂരുള്ള വീടിന്റെ പരിസരത്ത് മൃതദേഹം കുഴിച്ചുമൂടിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഒന്നിച്ച് താമസിച്ചിരുന്ന സ്ത്രീയും പുരുഷനും ചേർന്ന് സുഭദ്രയെ കൊന്ന് കുഴിച്ചൂമൂടിയെന്നാണ് വിവരം. പ്രതികൾ എന്ന് സംശയിക്കുന്ന മാത്യു, ശർമിള എന്നിവർ ഇപ്പോൾ സംസ്ഥാനത്തിന് പുറത്താണ്.
യാത്രകളും മറ്റും ഒന്നിച്ച് പോയിരുന്ന ഇവർ സുഭദ്രയുടെ സ്വർണം മോഷ്ടിച്ചു. ഇതേ ചൊല്ലി സുഭദ്ര ഇവരുമായി വഴക്കിട്ടു. കുറച്ചു കാലത്തിന് ശേഷം ഇവർ തമ്മിൽ വീണ്ടും അടുപ്പത്തിലായി. തുടർന്ന് സുഭദ്രയെ കലവൂരിലേക്ക് വിളിച്ചുവരുത്തി കൊന്ന് സ്വർണം തട്ടിയെടുത്ത ശേഷം കുഴിച്ചിട്ടെന്നാണ് വിവരം. കൊച്ചിയിൽ നിന്ന് സുഭദ്രയുടെ മക്കൾ ആലപ്പുഴയിലേക്ക് തിരിച്ചിട്ടുണ്ട്. വണ്ടാനം മെഡിക്കൽ കോളജിലേക്ക് മൃതദേഹ അവശിഷ്ടങ്ങൾ മാറ്റിയേക്കും.