ആളെകാത്ത് ഗതികെട്ട് ഗതാഗത കമ്മീഷണര്‍ കസേര,

Advertisement

തിരുവനന്തപുരം. പുതിയ ഗതാഗത കമ്മീഷണർ എ അക്ബർ ചുമതല ഏറ്റെടുക്കാത്തതിനെ തുടർന്ന് കെഎസ്ആര്‍ടിസി സിഎംഡി പ്രമോജ് ശങ്കറിന് ഗതാഗത കമീഷണറുടെ അധിക ചുമതല നൽകി സർക്കാർ. അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ കൂടിയായ പ്രമോജ് ശങ്കർ വിഷയം ചൂണ്ടി കാട്ടി ഗതാഗത വകുപ്പിന് കത്ത് നൽകിയിരുന്നു. ചുമതല ഏറ്റെടുക്കാൻ ഇല്ല എന്നാണ് ക്രൈം ബ്രാഞ്ച് ഐജി എ അക്ബറിൻ്റെ നിലപാട്.

ഗതാഗത കമീഷണർ ആയി നിയമന ഉത്തരവ് ലഭിച്ച് ഒരു മാസം പിന്നിട്ടിട്ടും എ അക്ബർ ചുമതല ഏറ്റെടുക്കാൻ തയറാകാത്തതിനെ തുടർന്നാണ് അഡീഷണൽ ട്രാൻസ്പോർട്ട് കമീഷണറും കെഎസ്ആര്‍ടിസി സിഎംഡി യുമായ പ്രമോജ് ശങ്കറിന് അധിക ചുമതല നൽകാൻ സർക്കാർ തീരുമാനിച്ചത്. പുതിയ ഗതാഗത കമ്മീഷണർ ചുമതല ഏറ്റെടുക്കുന്നത് വരെയാണ് അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് അധിക ചുമതല. ഇത് സംബന്ധിച്ച ഉത്തരവ് ഗതാഗത വകുപ്പ് പുറത്തിറക്കി. ക്രൈം ബ്രാഞ്ച് ഐജി കൂടിയായ എ അക്ബറിന് ഗതാഗത കമ്മീഷണർ ആകാൻ താത്പര്യമില്ല എന്ന് അറിയിച്ചതായാണ് വിവരം. ഗതാഗത കമീഷണർ ചുമതല ഏറ്റെടുക്കാതെ ആയതോടെ മോട്ടോർ വാഹന വകുപ്പിലെ സുപ്രധാന പ്രവർത്തനങ്ങൾ അവതാളത്തിൽ ആയിട്ടുണ്ട്.

ആര്‍സി ബുക്ക്, ലൈസൻസ് തുടങ്ങിയവയുടെ അച്ചടി, ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം, സ്ഥാനക്കയറ്റം, പ്രധാനപ്പെട്ട യോഗങ്ങൾ എന്നിവ ട്രാൻസ്പോർട്ട് കമ്മീഷണർ ഇല്ലാത്തത് കാരണം ഇഴയുകയായിരുന്നു. അതേസമയം കെഎസ്ആർടിസി സിഎംഡി സ്ഥാനത്തിരിക്കുന്ന പ്രമോജ് ശങ്കറിന് ട്രാൻസ്പോർട്ട് കമ്മീഷണരുടെ സുപ്രധാന ചുമതല നൽകുന്നതിൽ മോട്ടോർ വാഹന വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർക്ക് അതൃപ്ത്തി ഉണ്ട്. രണ്ട് ചുമതലകളും ഒരുമിച്ച് കൈകാര്യം ചെയ്യുക അപ്രായോഗികം ആണെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.

Advertisement