സ്വർണം വീണ്ടും കത്തിക്കയറുന്നു; പണിക്കൂലിയടക്കം ഇന്നത്തെ വില അറിയാം

Advertisement

കൊച്ചി: അമേരിക്കയിൽ പലിശഭാരം കുറയാനുള്ള സാധ്യത ശക്തമായതും ഇസ്രയേൽ-ഗാസ, റഷ്യ-യുക്രെയ്ൻ സംഘർഷങ്ങൾ വീണ്ടും വഷളായതും സ്വർണ വില കുത്തനെ വർധിക്കാൻ ഇടയാക്കുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി കേരളത്തിൽ മാറ്റമില്ലാതെ നിന്ന സ്വർണ വിലയിൽ ഇന്ന് മികച്ച വർധനയുണ്ട്. ഗ്രാമിന് 35 രൂപ ഉയർന്ന് വില 6,715 രൂപയായി. 280 രൂപ ഉയർന്ന് 53,720 രൂപയാണ് പവൻ വില.

കനം കുറഞ്ഞതും വജ്രം ഉൾപ്പെടെ കല്ലുകൾ പതിപ്പിച്ചതുമായ ആഭരണങ്ങൾ നിർമിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വർണ വില ഗ്രാമിന് 25 രൂപ വർധിച്ച് 5,565 രൂപയായി. വെള്ളിക്കും വില കൂടുകയാണ്. ഇന്ന് ഗ്രാമിന് ഒരു രൂപ ഉയർന്ന് 90 രൂപയിലാണ് വ്യാപാരം.

എന്തുകൊണ്ട് വീണ്ടും വിലക്കുതിപ്പ്?

പ്രധാനമായും രാജ്യാന്തരതലത്തിൽ നിന്നുള്ള രണ്ട് ഘടകങ്ങളാണ് സ്വർണ വിലയെ വീണ്ടും ഉയരത്തിലേക്ക് നയിക്കുന്നത്. യുദ്ധം പോലുള്ള സാഹചര്യങ്ങളിൽ ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമ എക്കാലത്തും സ്വർണത്തിനുണ്ട്. യുദ്ധ സാഹചര്യങ്ങളിൽ ഓഹരി, കടപ്പത്ര വിപണികൾ തളരും. രാജ്യാന്തര സമ്പദ്‍വ്യവസ്ഥയ്ക്കുമേൽ യുദ്ധങ്ങൾ കരിനിഴൽ വീഴ്ത്തുന്നതാണ് കാരണം.

നിലവിൽ ഇസ്രയേൽ-ഗാസ, റഷ്യ-യുക്രെയ്ൻ സംഘർഷം കൂടുതൽ കടുക്കുന്നത് സ്വർണ വിലയെ ശക്തമായി സ്വാധീനിക്കുന്നുണ്ട്. മറ്റൊന്ന്, ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്കയിലെ സാമ്പത്തിക, രാഷ്ട്രീയ സംഭവവികാസങ്ങളാണ്.

അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഈ മാസം 17-18 തീയതികളിൽ ചേരുന്ന പണനയ നിർണയ യോഗത്തിൽ അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കുമെന്നാണ് സൂചനകൾ. ഇതിന് ഫെഡിനെ സഹായിക്കുന്നത് കുറഞ്ഞുതുടങ്ങിയ പണപ്പെരുപ്പമാണ്. ഈയാഴ്ച പുറത്തുവരുന്ന കഴിഞ്ഞമാസത്തെ പണപ്പെരുപ്പക്കണക്ക്, 2% എന്ന നിയന്ത്രണ രേഖയിലേക്ക് അടുക്കുന്നതായിരിക്കുമെന്നാണ് വിലയിരുത്തലുകൾ. അങ്ങനെയെങ്കിൽ പലിശനിരക്കിൽ 0.25-0.50% ഇളവ് വരുത്തിയേക്കും. അമേരിക്കയിൽ പ്രസിഡന്റ് തിരഞ്ഞൈടുപ്പ് നടപടികളും അതോടനുബന്ധിച്ച് സ്ഥാനാർഥികളായ കമല ഹാരിസ്, ഡോണൾഡ് ട്രംപ് എന്നിവർ തമ്മിലെ ഡിബേറ്റ് പൊടിപാറുന്നതും സ്വർണ വിലയെ സ്വാധീനിക്കുന്നുണ്ട്. സംവാദം അമേരിക്കയുടെ സാമ്പത്തിക വിപണിയെ ശക്തമായി സ്വാധീനിക്കുമെന്നതാണ് സ്വർണ വിലയിൽ ചലനങ്ങൾ സൃഷ്ടിക്കുന്നത്.

പലിശയും സ്വർണവും തമ്മിലെന്ത്?

അമേരിക്ക പലിശ കുറച്ചാൽ ഡോളർ ദുർബലമാകും. അമേരിക്കൻ സർക്കാരിന്റെ കടപ്പത്രങ്ങളിൽ നിന്ന് നിക്ഷേപകർ സ്വന്തമാക്കുന്ന ആദായവും (ട്രഷറി ബോണ്ട് യീൽഡ്) അനാകർഷകമാകും. ഫലത്തിൽ, നിക്ഷേപകർ ഡോളറിനെയും ബോണ്ടിനെയും കൈവിട്ട് സ്വർണ നിക്ഷേപ പദ്ധതികളിലേക്ക് നിക്ഷേപം മാറ്റും. അതോടെ സ്വർണ വില കൂടുകയും ചെയ്യും. നിലവിൽ ഈ ട്രെൻഡാണ് സ്വർണ വിലക്കുതിപ്പിന് അനുകൂലം. കഴിഞ്ഞ ദിവസങ്ങളിൽ ഔൺസിന് 2,490-2,500 ഡോളർ നിലവാരത്തിലായിരുന്ന രാജ്യാന്തര സ്വർണ വില, ഇന്ന് 2,521 ഡോളറിലേക്ക് കുതിച്ചെത്തി. നിലവിൽ വ്യാപാരം നടക്കുന്നത് 2,519 ഡോളറിൽ. ഈ വിലവർധന ഇന്ന് കേരളത്തിലെ വിലയിലും പ്രതിഫലിച്ചു.

വില ഇനി എങ്ങോട്ട്?

2,532 ഡോളറാണ് രാജ്യാന്തര സ്വർണ വിലയുടെ എക്കാലത്തെയും ഉയരം. നിലവിലെ ട്രെൻഡ് തുടർന്നാൽ വില 2,530 ഡോളർ എന്ന പ്രതിരോധ നിരക്ക് ഭേദിച്ച് 2,550 ഡോളർ‌ വരെ എത്താമെന്നാണ് നിരീക്ഷകരുടെ വാദങ്ങൾ. അങ്ങനെയെങ്കിൽ കേരളത്തിലെ വിലയും കുതിക്കും. അതേസമയം, രാജ്യാന്തര വിലയിലെ മുന്നേറ്റം മുതലെടുത്ത് നിക്ഷേപകർ ലാഭമെടുപ്പ് നടത്തിയാൽ‌ വില 2,462 ഡോളർ വരെ താഴ്ന്നേക്കാം. ഇത്, കേരളത്തിലും വില കുറയാൻ സഹായിക്കും.

ഇന്നൊരു പവൻ ആഭരണത്തിന് എന്തുനൽകണം?

വിവാഹ സീസണിലെ ഈ വിലക്കുതിപ്പ് ആഭരണം വാങ്ങാൻ ശ്രമിക്കുന്നവർക്ക് തിരിച്ചടിയാണ്. അതേസമയം, വില കുറഞ്ഞുനിൽക്കുമ്പോൾ മുൻകൂർ ബുക്കിങ് സൗകര്യം പ്രയോജനപ്പെടുത്തുന്നവർക്ക്, വില വർധന ബാധിക്കാതെ സ്വർണാഭരണങ്ങൾ സ്വന്തമാക്കാം. ബുക്ക് ചെയ്ത ദിവസത്തെയും വാങ്ങുന്ന ദിവസത്തെയും വില താരതമ്യം ചെയ്ത് ഏതാണോ കുറവ്, ആ വിലയ്ക്കാണ് സ്വർണം നൽകുക എന്നതാണ് നേട്ടം.

53,720 രൂപയാണ് ഇന്നൊരു പവന് വില. ഇതോടൊപ്പം 3% ജിഎസ്ടി, 53.10 ഹോൾമാർക്ക് ഫീസ്, പണിക്കൂലി എന്നിവയും ചേരുമ്പോഴേ ആഭരണ വിലയാകൂ. പണിക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഇത് പൂജ്യം മുതൽ 30 ശതമാനം വരെയൊക്കെയാകാം. മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ ഇന്ന് 58,152 രൂപ കൊടുത്താലേ കേരളത്തിൽ ഒരു പവൻ ആഭരണം കിട്ടൂ. ഒരു ഗ്രാം സ്വർണാഭരണത്തിന് 7,270 രൂപയും കൊടുക്കണം.

Advertisement