ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തീവ്രന്യൂന മർദമായി ഛത്തീസ്ഗഡിന് മുകളിലൂടെ സഞ്ചാരിക്കുന്നു. ബുധനാഴ്ച വൈകുന്നേരത്തോടെ ന്യൂനമർദമായി ശക്തി കുറഞ്ഞ് കിഴക്കൻ മധ്യപ്രദേശിന് മുകളിൽ എത്തിച്ചേരാൻ സാധ്യതയുണ്ട്. എന്നാൽ വ്യാഴാഴ്ച വൈകുന്നേരത്തോടെ മധ്യപ്രദേശിനും ഉത്തർപ്രദേശിനും മുകളിലെത്തി വീണ്ടും തീവ്രന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, കിഴക്കൻ രാജസ്ഥാൻ എന്നിവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആന്ധ്രപ്രദേശിലും തെലങ്കാനയിലും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
കേരള തീരത്ത് ന്യൂനമർദപാത്തി നിലനിൽക്കുന്നതിനാൽ കേരളം, മാഹി, കർണാടക എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച രാവിലെ കോട്ടയത്തും മറ്റും കനത്ത മഴ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.