യെച്ചൂരിയുടെ സാന്നിധ്യം ഏറ്റവും കൂടുതല്‍ ആവശ്യമായ സമയം; പ്രിയസുഹൃത്തിനെ ഓര്‍ത്ത് ആന്റണി

Advertisement

തിരുവനന്തപുരം: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി.

ഇന്ത്യന്‍ രാഷ്ട്രീയത്തിനുണ്ടായ കനത്ത നഷ്ടമാണ് യെച്ചൂരിയുടെ വിയോഗം എന്ന് അദ്ദേഹം പറഞ്ഞു. വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്ന സുഹൃത്തിനെയാണ് യെച്ചൂരിയുടെ വേര്‍പാടോടെ നഷ്ടമായിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

‘യെച്ചൂരിയുടെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണ് എന്ന് അറിഞ്ഞിരുന്നു. സുഹൃത്തുക്കളോട് അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച്‌ ദിവസവും അന്വേഷിക്കാറുണ്ടായിരുന്നു. രണ്ട് മൂന്ന് ദിവസമായി കാര്യങ്ങള്‍ അപകടത്തിലേക്ക് നീങ്ങുന്നു എന്നാണ് മനസിലാക്കിയത്. അദ്ദേഹത്തിന്റെ വേര്‍പാട് ഇന്നത്തെ കാലത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തിനുണ്ടായ കനത്ത നഷ്ടമാണ്,’ ആന്റണി പറഞ്ഞു.

ഇന്ത്യയുടെ മതേതര രാഷ്ട്രീയത്തിന് തീരാനഷ്ടമാണ്. ഇന്ത്യയുടെ മതേതര രാഷ്ട്രീയം വീണ്ടും പച്ചപിടിച്ച്‌ നല്ല ദിശയിലേക്ക് നീങ്ങാനുള്ള സാഹചര്യം തിരികെ വരികയാണ്. ഈ ഘട്ടത്തില്‍ സീതാറാം യെച്ചൂരി ദേശീയ രാഷ്ട്രീയത്തില്‍ ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഘടകമായിരുന്നു യെച്ചൂരി എന്നും അദ്ദേഹം അനുസ്മരിച്ചു.

അദ്ദേഹത്തിന്റെ വേര്‍പാടുണ്ടാക്കിയ നഷ്ടം നികത്താനാവാത്തതാണ് എന്നും യെച്ചൂരിയുമായി ദീര്‍ഘകാലമായുള്ള അടുപ്പമുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്താണ് കൂടുതല്‍ അടുത്തത്. ഒന്നാം യുപിഎ സര്‍ക്കാരിനെ സിപിഎം പിന്തുണച്ചപ്പോള്‍ ഇടയ്ക്കുണ്ടായ ആശയക്കുഴപ്പം പരിഹരിക്കാന്‍ ഏറ്റവും കൂടുതല്‍ ആത്മാര്‍ത്ഥമായി കഷ്ടപ്പെട്ട നേതാവാണ് അദ്ദേഹം എന്നും ആന്റണി ചൂണ്ടിക്കാട്ടി.

‘പ്രണബ് മുഖര്‍ജിയുടെ വീട്ടില്‍ നടന്ന ചര്‍ച്ചകളില്‍ അദ്ദേഹവും പ്രകാശ് കാരാട്ടും ഞാനും പങ്കെടുത്തിരുന്നു. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനെ മുഖ്യധാരാ പാര്‍ട്ടിയായി അംഗീകരിച്ച്‌ കൊണ്ട്
ആത്മാര്‍ത്ഥമായി മതേതര ചേരിക്കായി നിലകൊണ്ട നേതാവായിരുന്നു അദ്ദേഹം. ദേശീയ രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നല്ല രീതിയില്‍ മനസിലാക്കി പ്രവര്‍ത്തിച്ചിരുന്ന ആളാണ്. സിപിഎമ്മിനും കനത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ചിരിക്കുന്നത്,’ ആന്റണി പറഞ്ഞു.

Advertisement