ആലപ്പുഴ. സുഭദ്രക്ക് മയക്കുമരുന്നു നല്‍കി, ആയുധം ഉപയോഗിക്കാതെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്ന് വ്യക്തമായി. സുഭദ്ര കൊലപാതക കേസിൽ പ്രതികൾ മാത്യു, ശർമിള, റെനോൾഡ് എന്നിവർക്കായി പൊലീസ് ചൊവ്വാഴ്ച കസ്റ്റഡി അപേക്ഷ നൽകിയേക്കും. ഇന്നലെ രാവിലെ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ വിശദമായി ചോദ്യം ചെയ്തശേഷം വൈകിട്ടോടെയാണ് കോടതിയിൽ ഹാജരാക്കിയത്. കൊലപാതകത്തിൽ മറ്റാർക്കും നേരിട്ട് പങ്കില്ലെന്നാണ് പോലീസ് നിഗമനം. കേസിൽ കൂടുതൽ സാക്ഷി മൊഴികളും തെളിവുകളും പോലീസ് ശേഖരിക്കും. വർഷങ്ങളോളം ഉടുപ്പിയിൽ താമസിച്ച ശ്യാമളയ്ക്ക് മുൻകാല ക്രിമിനൽ പശ്ചാത്തലം ഉണ്ടോ എന്ന് പോലീസ് അന്വേഷിക്കും.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ കൂടുതൽ വിശദാംശങ്ങൾക്കായി ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കൊലപാതകത്തിന് മുൻപ് പ്രതികൾ മയക്കു ഗുളിക ആഹാരത്തിൽ കലർത്തി നൽകിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇതിനെ സംബന്ധിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തും. കൊലപാതകത്തിന് ആയുധം ഉപയോഗിക്കാതെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തി എന്നാണ് പോലീസിന്റെ നിഗമനം. ആലപ്പുഴ ഡിവൈഎസ്പി എംആർ മധു ബാബുവിന്റെ നേതൃത്വത്തിലുള്ള 10 അംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.