കൊച്ചി.താര സംഘടനയായ അമ്മയുടെ പിളർപ്പിന് തടയിട്ട് മുതിർന്ന അഭിനേതാക്കൾ. ട്രേഡ് യൂണിയൻ രൂപീകരിക്കുന്നത് കൂട്ടായ തീരുമാനത്തിലൂടെ മാത്രം മതിയെന്നാണ് ഉപദേശം. ഒരു മാസത്തിനുള്ളിൽ പുതിയ ഭരണ സമിതിയുടെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിമത നീക്കങ്ങൾ തിരിച്ചടിയാകുമെന്നും മുതിർന്ന അംഗങ്ങൾ മുന്നറിയിപ്പു നൽകി.
ജനറൽബോഡി ചേർന്ന് ട്രേഡ് യൂണിയൻ രൂപീകരണത്തിനുള്ള നീക്കങ്ങൾ ഔദ്യോഗികമായി മുന്നോട്ടു കൊണ്ടുപോകണം എന്നാണ് ഭൂരിഭക്ഷ അഭിപ്രായം. അമ്മയെ സാംസ്കാരിക സംഘടനയായി നിലനിർത്തി, പുതിയ ട്രേഡ് യൂണിയൻ എന്നതാണ് ആലോചനയിലുള്ളത്. ഇതിനിടെ 20 പേരടങ്ങുന്ന അഭിനേതാക്കളുടെ സംഘം ഫെഫ്കയെ സമീപിച്ചത് തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് പൊതുവേയുള്ളത്. ഈ ശ്രമങ്ങൾ തടയാനാണ് അനുനയ നീക്കവുമായി മുതിർന്ന അഭിനേതാക്കൾ നേരിട്ട് രംഗത്തെത്തിയത്. അമ്മയിൽ നിന്ന് ഔദ്യോഗികമായി ട്രേഡ് യൂണിയൻ രൂപീകരണ നീക്കങ്ങളുണ്ടായാൽ ഫെഫ്ക അംഗത്വം നൽകാൻ തയ്യാറാണെന്നാണ് സൂചന.