നടിയെ ആക്രമിച്ച കേസിൻ്റെ വാദം പൂർത്തിയായി,നവംബറിൽ വിധിയുണ്ടായേക്കും

Advertisement

കൊച്ചി. നടിയെ ആക്രമിച്ച കേസിൻ്റെ വാദം പൂർത്തിയായി. അവസാന സാക്ഷിയായ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിൻ്റെ വിസ്താരം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പൂർത്തീകരിച്ചു. ആകെ 261 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്. നവംബറിൽ കേസിൽ വിധിയുണ്ടായേക്കും.

2017 നവംബറിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ 2020 ജനുവരി 30 നാണ് വിചാരണ ആരംഭിച്ചത്. അന്ന് മുതൽ നാലര വർഷം നീണ്ട സാക്ഷി വിസ്താരമാണ് ഇന്ന് പൂർത്തീകരിച്ചത്. ആകെ 261 സാക്ഷികളെ കേസിൽ വിസ്തരിച്ചു. 1,600 രേഖകൾ കേസിൽ കൈമാറി. നൂറു ദിവസത്തോളം നീണ്ടു നിന്ന അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിൻ്റെ വിസ്താരവും കഴിഞ്ഞതോടെയാണ് വാദം പൂർത്തിയായത്. ഇനി പ്രതികൾക്ക് പറയാനുള്ളത് കേൾക്കാൻ ഈ മാസം 26 മുതൽ അവസരം നൽകും.
ക്രിമിനൽ നടപടിച്ചട്ടം 313 പ്രകാരം പ്രതിഭാഗത്തിന് പറയാനുള്ളതു കൂടി കേട്ട ശേഷം നവംബറിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ഹണി എം വർഗീസ് വിധി പറഞ്ഞേക്കും.

2017 ഫെബ്രുവരി രണ്ടിനാണ് അങ്കമാലിയിൽ വെച്ച് ഓടുന്ന വാഹനത്തിൽ യുവനടി ആക്രമണത്തിനിരയായത്. ആദ്യഘട്ടത്തിൽ പ്രതി ചേർക്കാതിരുന്ന നടൻ ദിലീപിനെ, ഡബ്ലിയുസിസിയുടെ ഇടപെടലിനെ തുടർന്നാണ് എട്ടാം പ്രതിയാക്കിയത്. 2017 ജൂലൈ 10ന് ദിലീപ് അറസ്റ്റിലായി. 86 ദിവസത്തിന് ശേഷമാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടും തുടർവിവാദങ്ങളുടെയും പശ്ചാത്തലത്തിൽ നടിയെ ആക്രമിച്ചു കേസിലെ കോടതി വിധി ഏറെ നിർണ്ണായകമാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here