വൈദ്യുതി നിരക്ക് വർധന നവംബർ ഒന്നിന് മുൻപ്; കെഎസ്ഇബി ശുപാർശ ചെയ്ത വർധനയ്ക്കു സാധ്യത

Advertisement

തിരുവനന്തപുരം: കെഎസ്ഇബി ശുപാർശ ചെയ്തിരിക്കുന്ന അതേ നിരക്കിൽ നവംബർ ഒന്നിനു മുൻപ് വൈദ്യുതി ചാർജ് വർധിപ്പിച്ചേക്കും. വേനൽക്കാലത്തെ ഉപയോഗത്തിനു കെഎസ്ഇബി നിർദേശിച്ച വർധനയുടെ നിയമപരമായ സാധുത പരിശോധിച്ച ശേഷം ഒഴിവാക്കാനാണ് സാധ്യത.

ഓണത്തിനു ശേഷം റഗുലേറ്ററി കമ്മിഷൻ, കെഎസ്ഇബി പ്രതിനിധികളും ഉപഭോക്തൃ പ്രതിനിധികളും ഉൾപ്പെടുന്ന സംസ്ഥാനതല ഉപദേശക സമിതി യോഗം വിളിച്ച് അഭിപ്രായം തേടും. തുടർന്ന്, പൊതുതെളിവെടുപ്പിൽ ഉപയോക്താക്കൾ ഉന്നയിച്ച പരാതികളിൽ കെഎസ്ഇബിയുടെ മറുപടി രേഖാമൂലം അറിയിക്കാൻ സമയം നൽകും. ഇതിനിടയിൽ റഗുലേറ്ററി കമ്മിഷൻ ചെയർമാനും അംഗങ്ങളും മറ്റു വിദഗ്ധരും ചേർന്ന് കെഎസ്ഇബി നൽകിയ താരിഫ് പെറ്റിഷനും ഉപയോക്താക്കളുടെ അഭിപ്രായങ്ങളും നിയമവശങ്ങളും പരിശോധിച്ച് നിരക്ക് പരിഷ്കരണത്തിൽ തീരുമാനമെടുക്കും.

റഗുലേറ്ററി കമ്മിഷൻ അംഗീകരിച്ച 2022–27 കാലയളവിലെ വരവു കമ്മി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ഇബി നിരക്ക് പരിഷ്കരണ ശുപാർശ വച്ചിരിക്കുന്നത് എന്നതിനാൽ അതിൽ കാര്യമായ കുറവ് വരുത്താൻ സാധ്യതയില്ല.

2022ൽ കെഎസ്ഇബി നൽകിയ 5 വർഷത്തെ ബഹു വർഷ നിരക്ക് പരിഷ്കരണ ശുപാർശ തള്ളിയ റഗുലേറ്ററി കമ്മിഷൻ ഒരു വർഷത്തേക്കും 2023ൽ നൽകിയ 4 വർഷത്തെ നിരക്ക് പരിഷ്കരണ ശുപാർശ 8 മാസത്തേക്കുമാണ് പരിഷ്കരിച്ചത്. ഇത്തവണ 2024 ജൂലൈ 1 മുതൽ 2027 മാർച്ച് 31 വരെ കാലയളവിലേക്കാണു കെഎസ്ഇബി ശുപാർശ.നിലവിൽ ഏറ്റവും കുറഞ്ഞ നിരക്ക് യൂണിറ്റിന് 3.25 രൂപയാണ്.

രണ്ടാം ഘട്ടം വൈകിയേക്കാം
മേയ് 16 ന് റഗുലേറ്ററി കമ്മിഷൻ കെഎസ്ഇബിക്കു നൽകിയ കത്തിൽ, 2027 വരെയുള്ള നിരക്ക് പരിഷ്കരണം സംബന്ധിച്ച ശുപാർശ സമർപ്പിക്കാനാണു നിർദേശിച്ചത്. എന്നാൽ, 2023–24 വർഷത്തെ കെഎസ്ഇബിയുടെ പ്രകടന റിപ്പോർട്ട് നവംബർ 30 നു മുൻപു സമർപ്പിക്കാൻ കമ്മിഷൻ നേരത്തേ നിർദേശിച്ചിരുന്നു. 2025– 26 ലെ നിരക്ക് പരിഷ്കരണം ഈ റിപ്പോർട്ട് വിലയിരുത്തിയ ശേഷം മതിയെന്നു തീരുമാനിക്കാനും സാധ്യതയുണ്ട്.

കഴിഞ്ഞ താരിഫ് വർധനയുടെ കാലാവധി ജൂൺ 30 ന് അവസാനിച്ചതിനെ തുടർന്ന് ഈ മാസം 30 വരെ ദീർഘിപ്പിച്ച് ഉത്തരവായിരുന്നു. നിരക്ക് വർധന അതിനുള്ളിൽ പ്രഖ്യാപിക്കാനിടയില്ലാത്തതിനാൽ പുതിയ വിജ്ഞാപനം ഇറങ്ങുന്നതു വരെ നിലവിലെ നിരക്കിനു പ്രാബല്യം നൽകി ഉത്തരവിറക്കിയേക്കും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here