26 വർഷത്തെ എന്റെ ജീവിതത്തിൽ മാറ്റം, ആറ് പേരുള്ള കുടുംബമായിരുന്നു; വിങ്ങിപ്പൊട്ടി അഹാന കൃഷ്ണ

Advertisement

മലയാളികൾക്ക് ഏറെ സുപരിചിതമായ കുടുംബമാണ് നടൻ കൃഷ്ണ കുമാറിന്റേത്. നാല് മക്കളും അച്ഛനും അമ്മയും അടങ്ങുന്ന ഈ കുടുംബത്തിൽ നിന്നും ഏതാനും ദിവസങ്ങൾക്ക് മുൻപ് ഒരാൾ മറ്റൊരു വീട്ടിലേക്ക് പോയിരുന്നു. അഹാനയുടെ സഹോദരി ദിയ ആയിരുന്നു വിവാഹിതയായത്. ദിയയുടെ വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുകയാണ്. ഈ അവസരത്തിൽ അനുജത്തിയെ കുറിച്ച് അഹാന പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.

ദിയയുടെ വിവാഹത്തിന് ഏതാനും മണിക്കൂറുകൾക്ക് മുൻപെടുത്ത വീഡിയോയാണ് അഹാന ഷെയർ ചെയ്തത്. ഇതിൽ അനുജത്തിയെ പിരിയുന്നതിലെ വിഷമത്തെ കുറിച്ച് പറഞ്ഞ അഹാന പൊട്ടിക്കരയുന്നുമുണ്ട്. വിവാഹ വിശേഷങ്ങളെ കുറിച്ച് പറഞ്ഞായിരുന്നു വീഡിയോ തുടങ്ങിയത്. ഏറ്റവും ഒടുവിൽ ആയിരുന്നു അഹാന ഇമോഷണലായത്.

“ഓസിയുടെ വിവാഹത്തിന് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി ഉള്ളത്. ഞാനും ഓസിയും വിസിബിൾ അറ്റാച്ച്മെന്റുള്ള സഹോദരിമാർ ഒന്നുമല്ല. പക്ഷേ കഴിഞ്ഞ കുറച്ച് നേരമായി എന്തൊക്കെയോ ഒരു ഫീലിങ്സാണ് എനിക്ക്. കല്യാണം നടക്കുന്നതും കുടുംബം വലുതാകുന്നതുമെല്ലാം എല്ലാം വളരെ സന്തോഷം ഉള്ള കാര്യങ്ങളാണ്. മാറ്റം ഇഷ്ടമാണെങ്കിലും എവിടെയോ ഒരു ബുദ്ധിമുട്ട് തോന്നുകയാണ്. ഇത് വലിയൊരു മാറ്റമാണല്ലോ. കുടുംബത്തിലെ ആദ്യ വിവാഹമാണിത്. അതുകൊണ്ട് ഞങ്ങൾക്കെല്ലാം എല്ലാം പുതിയ അനുഭവമാണ്. ഇത്രയും നാൾ ഞങ്ങൾ ആറ് പേരുള്ള ഒരു കുടുംബമായിരുന്നു. ജീവിതം ഇപ്പോൾ മാറാൻ പോകുന്നു”, എന്ന് അഹാന പറയുന്നു.

“എപ്പോഴും ഉള്ളതുപോലെ ഓസി ഇനി ഞങ്ങൾക്ക് ഇടയിൽ ഇല്ല. അടിയുണ്ടാക്കുമ്പോൾ ഇറങ്ങിപ്പോകുമെന്ന് ഞങ്ങൾ പറയാറുണ്ട്. പക്ഷേ പോകാൻ വേറെ സ്ഥലമില്ലല്ലോ. ഇതാണല്ലോ ഞങ്ങടെ വീട്. ഓസിക്ക് മറ്റൊരു വീടായി. എനിക്ക് ഇപ്പോൾ 28. ഓസിക്ക് 26. ഈ 26 വർഷത്തെ എന്റെ ജീവിതത്തിൽ മണിക്കൂറുകൾക്ക് ശേഷം മാറ്റം വരാൻ പോകയാണ്. പതിയെ ഇതെല്ലാം ശീലമാകുമായിരിക്കും.നല്ലൊരു മാറ്റമാണ്. പക്ഷേ ആ മാറ്റം വരാൻ പോകുന്നുവെന്ന് അറിയുമ്പോൾ എന്തോപോലെ തോന്നുന്നു. ഉറങ്ങാനും ഫുഡ് കഴിക്കാനും മാത്രം വീട്ടിൽ വന്നിരുന്ന ഓസി, ഇനി ഞങ്ങളെ കുറച്ച് കൂടി മിസ് ചെയ്യും. കുറച്ചുകൂടി സമയം കണ്ടെത്തി നമ്മുടെ കൂടെ സമയം ചെലവഴിക്കണമെന്ന് ഞാൻ ആ​ഗ്രഹിക്കുന്നു. എന്താണ് എനിക്ക് ഇങ്ങനെ എന്ന് എനിക്ക് പോലും അറിയില്ല”, എന്നും അഹാന പറയുന്നു. നിരവധി പേരാണ് ഈ സഹോദരി ബന്ധത്തെ അഭിനന്ദിച്ച് കൊണ്ട് രം​ഗത്ത് എത്തുന്നത്.