കോയമ്പത്തൂർ: കേരളത്തിലെ കോളേജുകളിലെ ഓണാഘോഷം റോഡിൽ അതിരുവിടുമ്പോൾ കോയമ്പത്തൂരിലെ എജെകെ കോളേജിലെ ഓണാഘോഷം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഏറെ മലയാളി വിദ്യാർത്ഥികളുള്ള കോളേജിൽ ഓണാഘോഷത്തിനായി മാവേലി എത്തിയത് ഹെലികോപ്ടറിലായിരുന്നു. കോളേജ് ഗ്രൌണ്ടിലേക്ക് ഹെലികോപ്ടറിലെത്തിയ മാവേലിയെ പൂമാലയണിയിച്ചാണ് വിദ്യാർത്ഥികൾ സ്വീകരിച്ചത്. മറുനാട്ടിൽ ഓണത്തിന് ആവേശം കൂടുമെന്ന് വ്യക്തമാക്കുന്നതാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന ദൃശ്യങ്ങൾ.
അതേസമയം കോഴിക്കോട് ഫാറൂഖ് കോളേജില്‍ ഓണാഘോഷത്തിനിടെ അപകടകരമായ രീതിയില്‍ വാഹനങ്ങളോടിച്ച സംഭവത്തിൽ വിദ്യാർത്ഥികളുടെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹനവകുപ്പ് നടപടി തുടങ്ങി. 10 വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. സംഭവത്തിൽ സ്വമേധയാ കേസെടുത്ത ഹൈക്കോടതി പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുമുണ്ട്. അപകടകരമാം വിധം ഓടിച്ച 10 വാഹനങ്ങളാണ് പൊലീസും മോട്ടോർ വാഹന വകുപ്പും ചേർന്ന് കസ്റ്റഡിയിലെടുത്തത്.
വാഹനം ഓടിച്ചവരുടെ ലൈസൻസ് റദ്ദാക്കാനും ഉടമകൾക്കെതിരെ നടപടിയെടുക്കാനുമാണ് നീക്കം. ഇതിന് മുന്നോടിയായി വാഹന ഉടമകൾക്ക് മോട്ടാർ വാഹന വകുപ്പ് എൻഫോഴ്സമെന്റ് വിഭാഗം നോട്ടീസ് അയച്ചു. വാഹനം ഓടിച്ച ഒൻപത് വിദ്യാർത്ഥികൾക്കും പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് കോളേജ് ക്യാമ്പസിന് പുറത്ത് വാഹനങ്ങള്‍ക്ക് മുകളില്‍ കയറിയും ഡോറില്‍ തൂങ്ങിപ്പിടിച്ചുമായി വിദ്യാർത്ഥികൾ അഭ്യാസം നടത്തിയത്. വഴി യാത്രക്കാരിലൊരാള്‍ എടുത്ത ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങിയത്. മാധ്യമങ്ങളിൽ വന്ന വാർത്ത കണ്ടാണ് വിഷയത്തിൽ ഹൈക്കോടതി ഇടപെട്ടത്. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരോട് സംഭവത്തിൽ കോടതി റിപ്പോർട്ടും തേടിയിട്ടുണ്ട്.