നിപ?,വണ്ടൂർ നടുവത്ത് മരിച്ച യുവാവിന്റെ സാമ്പിളുകൾ കോഴിക്കോട് ലാബിലെ പ്രാഥമിക പരിശോധനയിൽ പോസിറ്റീവായി

Advertisement

മലപ്പുറം. ജില്ലയില്‍ വീണ്ടും നിപാ ബാധ എന്ന് സംശയം. വണ്ടൂർ നടുവത്ത് മരിച്ച യുവാവിന്റെ സാമ്പിളുകൾ കോഴിക്കോട് ലാബിലെ പ്രാഥമിക പരിശോധനയിൽ പോസിറ്റീവായി. പൂനെ വൈറോളജി ലാബിൽ നിന്നുള്ള ഫലം വന്നാലേ സ്ഥിരീകരിക്കൂ. മുൻകരുതൽ നടപടികളിലേക്ക് ആരോഗ്യവകുപ്പ് കടന്നു.

സെപ്റ്റംബർ 9 തിങ്കളാഴ്ചയാണ് നടുവത്ത് സ്വദേശിയായ 24 കാരൻ പനി ബാധിച്ച് മരിച്ചത്. ഈ മരണം നിപ ബാധിച്ചാണെന്ന സംശയമാണ് നിലവിലുള്ളത്. കോഴിക്കോട് ലാബിലേക്ക് അയച്ച സാമ്പിളിൽ നിപ പോസിറ്റീവ് ആണ്. പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സാമ്പിളുകൾ ആരോഗ്യവകുപ്പ് അയച്ചു. ഈ ഫലം വന്നാൽ മാത്രമേ നിപ സ്ഥിരീകരിക്കൂ. സെപ്റ്റംബർ അഞ്ച് വ്യാഴാഴ്ച്ചയാണ് ബാംഗ്ലൂരിൽ നിന്ന് യുവാവ് നാട്ടിലേക്ക് എത്തിയത്. അപ്പോൾ പനിയുണ്ടായിരുന്നു. തുടർന്ന് വെള്ളിയാഴ്ച വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പനി മൂർച്ഛിച്ചതിനെ തുടർന്ന് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ചാണ് മരണം. മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നു. മുൻകരുതലിന്റെ ഭാഗമായി ആരോഗ്യവകുപ്പ് വണ്ടൂർ കേന്ദ്രീകരിച്ച് യോഗം ചേർന്നു. പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിൽ 14 വയസ്സുകാരൻ രണ്ടുമാസം മുൻപാണ് നിപ ബാധിച്ച് മരിച്ചത്.