എളമക്കരയില്‍ നടുറോഡില്‍ യുവാവ് മരിച്ചനിലയില്‍

Advertisement

കൊച്ചി: എളമക്കരയില്‍ നടുറോഡില്‍ യുവാവ് മരിച്ചനിലയില്‍. മാരോട്ടിച്ചുവട് പാലത്തിന് താഴെ താമസിക്കുന്ന പ്രവീണാണ് മരിച്ചത്.

മൃതദേഹത്തില്‍ മുറിവുകളുണ്ട്. മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മൃതദേഹത്തിലെ മുറിവുകളില്‍ നിന്ന് മരണം കൊലപാതകമാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.

ഇന്ന് പുലര്‍ച്ചെയാണ് നടുറോഡില്‍ യുവാവ് മരിച്ചു കിടക്കുന്നത് പ്രദേശവാസികള്‍ കണ്ടത്. ഉടന്‍ തന്നെ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. ഇന്നലെ രാത്രി നടന്ന ഏതെങ്കിലും തരത്തിലുള്ള അടിപിടിയുടേയോ മറ്റോ തുടര്‍ച്ചയായാണോ മരണം സംഭവിച്ചത് എന്നതടക്കം പൊലീസ് അന്വേഷിച്ച് വരികയാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇന്നലെ പ്രദേശത്ത് ഉണ്ടായിരുന്നവരെ ചോദ്യം ചെയ്തും വരികയാണ്.

കഴിഞ്ഞ കുറെ നാളുകളായി പ്രവീണ്‍ ഇവിടെ തന്നെയാണ് താമസം. സംഭവത്തെ കുറിച്ച് എളമക്കര പൊലീസ് ആണ് അന്വേഷിക്കുന്നത്.