തിരുവനന്തപുരം. സംസ്ഥാനത്തെ റേഷൻ കാർഡ് മാസ്റ്ററിങ് ഉടൻ പൂർത്തിയാക്കണമെന്ന് കേന്ദ്രത്തിന്റെ അന്ത്യ ശാസനം. ഇല്ലെങ്കിൽ സംസ്ഥാനത്തിനുള്ള അരിവിതരണം നിർത്തിവയ്ക്കു യ്ക്കുമെന്നും കേന്ദ്രം അറിയിച്ചു. ഒന്നര മാസത്തിനകം റേഷൻ കാർഡ് മസ്റ്ററിങ് പൂർത്തിയാക്കണമെന്നാണ് നിർദ്ദേശം. ഒക്ടോബർ 10 നു മുൻപ് മസ്റ്ററിംഗ് പൂർത്തിയാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ 24 നോട് പറഞ്ഞു.
മസ്റ്ററിങ് പൂർത്തിയാക്കിയില്ലെങ്കിൽ കേരളത്തിന് അരി നൽകില്ലെന്നാണ് കേന്ദ്രസർക്കാരിൻറെ അന്ത്യശാസനം. റേഷൻ കാർഡ് മസ്റ്ററിങ് നടത്താൻ ഭക്ഷ്യവകുപ്പ് നേരത്തെ തീരുമാനിച്ചെങ്കിലും സർവർ തകരാർ മൂലം നിർത്തിവയ്ക്കുകയായിരുന്നു. റേഷൻ വിതരണവും മസ്റ്ററിങ്ങും ഇ പോസ് മെഷീനിലൂടെ ഒരേസമയം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. മസ്റ്ററിങ് പ്രക്രിയ റേഷൻ വിതരണത്തെ പ്രതികൂലമായി ബാധിച്ചതോടെയാണ് മാസ്റ്ററിങ് താൽക്കാലികമായി നിർത്തിവെക്കാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ ഒക്ടോബർ 31നകം മസ്റ്ററിങ് പൂർത്തിയാക്കണമെന്ന് കാട്ടി കേന്ദ്രം സംസ്ഥാനത്തിന് കത്ത് നൽകി. റേഷൻ കാർഡിൽ പേര് ഉള്ളവരെല്ലാം മസ്റ്ററിങ് പൂർത്തിയാക്കിയില്ലെങ്കിൽ അരിവിഹിതം നൽകില്ലെന്ന് കേന്ദ്രം അയച്ച കത്തിൽ സർക്കാരിനെ അറിയിച്ചു. റേഷൻ വിതരണം മുടങ്ങില്ല എന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ ഉറപ്പ് നൽകി.
മറ്റന്നാൾ മുതൽ മസ്റ്ററിങ് നടത്താനാണ് പൊതുവിതരണ വകുപ്പ് തീരുമാനിച്ചിട്ടുള്ളത്.
ഓണം കഴിഞ്ഞുള്ള സമയമായതിനാൽ കൂടുതൽ ആളുകൾ റേഷൻ കടകളിലേക്ക് വരില്ലെന്ന് വകുപ്പ് കണക്കുകൂട്ടുന്നു. ഇത് കണക്കിലെടുത്താണ് മസ്റ്ററിങ്. ജില്ലകളെ മൂന്നായി തരംതിരിച്ച് പ്രത്യേക തീയതികളിൽ ആയിരിക്കും മസ്റ്ററിങ്.
റേഷൻ കടകൾക്ക് പുറമേ അംഗനവാടികൾ, സ്കൂളുകൾ കേന്ദ്രീകരിച്ച് പ്രത്യേക സൗകര്യം ഒരുക്കിയായിരിക്കും മസ്റ്ററിങ്. റേഷൻ വിതരണവും മസ്റ്ററിങ്ങും ഒരുമിച്ച് നടത്തിയാൽ ഉണ്ടാകുന്ന ബുദ്ധിമുട്ട് വ്യാപാരികൾ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 18 മുതല്‍ 24 വരെ തിരുവനന്തപുരം ജില്ലയില്‍ മസ്റ്ററിംഗ് നടക്കും. കൊല്ലം മുതല്‍ തൃശൂര്‍ വരെയുള്ള ഏഴ് ജില്ലകളില്‍ 25 മുതല്‍ ഒക്ടോബര്‍ ഒന്നു വരെയും
ഒക്ടോബര്‍ 3 മുതല്‍ 8 വരെ ബാക്കി ജില്ലകളിലും നടക്കും.