മൈനാഗപ്പള്ളി അപകടം: അജ്മലിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്ന് മോട്ടോർ വാഹന വകുപ്പ്

Advertisement

മൈനാഗപ്പള്ളിയിൽ സ്‌കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട് കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ നടപടിയാരംഭിച്ച് മോട്ടോർ വാഹനവകുപ്പും. കാർ ഓടിച്ച അജ്മലിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ഇതിന് ശേഷം ആവശ്യമായ തുടർ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

അപകടമുണ്ടാക്കിയ ശേഷം പ്രതികളായ അജ്മലും ഡോക്ടർ ശ്രീക്കുട്ടിയും അമിത വേഗതയിൽ പോകുന്നതും കാറിനെ നാട്ടുകാർ ബൈക്കുകളിൽ പിന്തുടർന്ന് തടയുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രതികൾ മദ്യത്തിനൊപ്പം രാസലഹരിയും ഉപയോഗിച്ചിരുന്നോ എന്നും പോലീസ് പരിശോധിക്കും.

പ്രതികൾക്കായി ശാസ്താംകോട്ട പോലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും. കസ്റ്റഡിയിൽ വാങ്ങി അപകട സ്ഥലത്ത് അടക്കം പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രതികളെ ഇന്നലെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.