30 കോടി രൂപ വില, 2971 ചതുരശ്ര അടി വിസ്തീർണം; പൃഥ്വിരാജിന്റെ പാലി ഹില്ലിലെ പുതിയ ആഡംബര വീടിനെ അറിയാം

Advertisement

മുംബൈയുടെ റിയൽ എസ്റ്റേറ്റ് മേഖലയിൽ അടുത്ത കാലങ്ങളിലായി ഏറ്റവും അധികം നിക്ഷേപം നടത്തിയിരിക്കുന്നത് സെലിബ്രിറ്റികളാണ്. ബോളിവുഡിലെ മുൻനിര താരങ്ങൾ മുതൽ പുതുമുഖങ്ങൾ വരെ മുംബൈയിലെ പ്രൈം ലൊക്കേഷനുകളിൽ വീട് വാങ്ങുന്നതോ വാടകയ്ക്കെടക്കുന്നതോ ട്രെൻഡായി മാറിക്കഴിഞ്ഞു. എന്നാൽ, മുംബൈ റിയൽ എസ്റ്റേറ്റ് മേഖലയോട് താൽപര്യം കാണിക്കുന്ന സെലിബ്രിറ്റികളുടെ പട്ടികയിൽ ഏറ്റവും ഒടുവിൽ പുറത്തുവരുന്ന പേര് ഒരു മോളിവുഡ് സൂപ്പർസ്റ്റാറിന്റേതാണ്. നടനും സംവിധായകനും നിർമ്മാതാവുമായ പൃഥ്വിരാജ് സുകുമാരൻ മുംബൈയിൽ പുതിയ വീട് സ്വന്തമാക്കിയതായാണ് റിപ്പോർട്ടുകൾ. പൃഥ്വിരാജ് മുംബൈയിൽ സ്വന്തമാക്കുന്ന രണ്ടാമത്തെ വീടാണ് ഇത്.

ബോളിവുഡിലെ എ ലിസ്റ്റിൽ പെട്ടവരുടെ പ്രിയകേന്ദ്രവും മുംബൈയിലെ ഏറ്റവും പോഷ് ഏരിയയിൽ ഒന്നുമായ പാലി ഹില്ലിലാണ് പൃഥ്വിരാജ് പുതിയ വീട് സ്വന്തമാക്കിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഒരു ആഡംബര ഡ്യൂപ്ലക്സ് അപ്പാർട്ട്മെന്റാണ് ഇത്. പൃഥ്വിരാജിന്റെയും ഭാര്യ സുപ്രിയയുടെയും ഉടമസ്ഥതയിലുള്ള നിർമ്മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലാണ് താരം വീട് വാങ്ങിയിരിക്കുന്നത്. 30. 6 കോടി രൂപയാണ് വീടിന്റെ വിലയെന്ന് രേഖകൾ സൂചിപ്പിക്കുന്നു.

ബാന്ദ്രാ വെസ്റ്റിലെ പ്രീമിയം ഹൗസിംഗ് സൊസൈറ്റിയായ നരേയ്ൻ ടെറസസ്സിലാണ് പൃഥ്വിരാജിന്റെ പുതിയ വീട് സ്ഥിതി ചെയ്യുന്നത്. 3, 4, 5 ബി എച്ച് കെ അപ്പാർട്ട്മെന്റുകളാണ് ഇവിടെയുള്ളത്. പ്രശാന്ത സുന്ദരമായ അന്തരീക്ഷവും ഹൈ എൻഡ് പ്രോപ്പർട്ടികളുമാണ് ഈ ഹൗസിംഗ് സൊസൈറ്റിയുടെ പ്രത്യേകത. റിപ്പോർട്ടുകൾ പ്രകാരം 2971 ചതുരശ്ര അടിയാണ് വീടിന്റെ വിസ്തീർണ്ണം. 431 ചതുരശ്ര അടി വിസ്തീർണത്തിൽ നാലു കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും ഇവിടെ പൃഥ്വിരാജിനായി ഒരുങ്ങിയിട്ടുണ്ട്. ഈ മാസം തന്നെയാണ് റജിസ്ട്രേഷൻ നടപടികൾ പൂർത്തിയായിരിക്കുന്നത്.

സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ 1.84 കോടി രൂപയും റജിസ്ട്രേഷൻ ഫീയായി 30,000 രൂപയും താരം ചിലവഴിച്ചതായും രേഖകൾ പറയുന്നു. പാലി ഹില്ലിൽ തന്നെയാണ് പൃഥ്വിരാജ് ആദ്യം സ്വന്തമാക്കിയ വീടും സ്ഥിതിചെയ്യുന്നത്. പാലി ഹില്ലിലെ പരിശ്രാം ബൈ രസ്തംജീയിലെ 17 കോടി വിലമതിപ്പുള്ള ലക്ഷ്വറി അപ്പാർട്ട്മെന്റാണ് ഇത്. കെട്ടിടത്തിന്റെ പതിനാറാം നിലയിലാണ് വസതി സ്ഥിതിചെയ്യുന്നത്. 2109 ചതുരശ്ര അടി വിസ്തീർണ്ണമാണ് വീടിനുള്ളത്. മൂന്ന് കാർ പാർക്കിംഗ് സ്ലോട്ടുകളും ഇവിടെ പൃഥ്വിരാജിനുണ്ട്. പ്രധാനമായും മലയാള ചലച്ചിത്ര മേഖലയിൽ ചുവടുറപ്പിച്ചിരിക്കുന്നതുകൊണ്ട് കൊച്ചി തന്നെയാണ് താര കുടുംബം താമസത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്ദ്രജിത്ത് സുകുമാരന്റെ പുതിയ വസതിയുടെ ഗൃഹപ്രവേശന ചടങ്ങുകൾ ഈയടുത്ത് നടന്നിരുന്നു. മല്ലിക സുകുമാരനും കൊച്ചിയിൽ വീട് സ്വന്തമാക്കിയിട്ടുണ്ട്.

നഗരത്തിന്റെ പ്രധാന മേഖലകളിലേയ്ക്കും തീരദേശ മേഖലകളിലേയ്ക്കും ഒരേപോലെ എത്തിച്ചേരാവുന്ന ഇടം എന്നത് തന്നെയാണ് പാലി ഹിൽ സെലിബ്രിറ്റികളുടെ ഇഷ്ട കേന്ദ്രമായി മാറാനുള്ള പ്രധാന കാരണം. കുറഞ്ഞ കുറ്റകൃത്യ നിരക്കും സ്വകാര്യത ഉറപ്പാക്കുന്ന ലൊക്കേഷനും ചലച്ചിത്ര ലോകത്തെ തിരക്കുകളിൽ നിന്നും ഒഴിഞ്ഞ് സ്വസ്ഥമായി സമയം പങ്കിടാനുള്ള അവസരം സെലിബ്രിറ്റികൾക്ക് നൽകുന്നുണ്ട്.
ബോളിവുഡ് താരങ്ങളായ രൺവീർ സിംഗ്, തൃപ്തി ദിമ്രി, ആതിയ ഷെട്ടി, ക്രിക്കറ്റ് താരം കെ എൽ രാഹുൽ തുടങ്ങിയവരും അടുത്തിടെ പാലി ഹില്ലിൽ വീടുകൾ സ്വന്തമാക്കിയിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here