തദ്ദേശ വാർഡ് വിഭജനം, പ്രത്യേക പോർട്ടൽ അടുത്ത മാസം

Advertisement

തിരുവനന്തപുരം. തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജിക്കുമ്പോൾ പൊതുജനങ്ങൾക്ക് അത് പരിശോധിക്കാൻ സംസ്ഥാന ഡീലിമിറ്റേഷൻ കമ്മിഷൻ്റെ പ്രത്യേക പോർട്ടൽ അടുത്ത മാസം പ്രവർത്തനക്ഷമമാകും. സംസ്ഥാനത്തെ 1137 തദ്ദേശ സ്ഥാപനങ്ങളിൽ 2011 സെൻസസ് അടിസ്ഥാനമാക്കിയാണ് വാർഡ് വിഭജനം. പുതിയ വാർഡുകൾ സൃഷ്ടിക്കുമ്പോൾ അതതു പഞ്ചായത്തുകളിലും നഗരസഭകളിലും നിലവിലെ ഭൂരിഭാഗം വാർഡുകളിലും മാറ്റം വരും. മുൻകാലങ്ങളിൽ വിഭജനം നടത്തിയപ്പോൾ കരട്, അന്തിമ വിജ്ഞാപനങ്ങൾ ഇറക്കുകയും ജനങ്ങളിൽനിന്നു പരാതികളും ആക്ഷേപങ്ങളും കേൾക്കുന്ന ചട്ടപ്പടി രീതി മാത്രമാണുണ്ടായിരുന്നത്.തദ്ദേശ സ്ഥാപന ജീവനക്കാരെത്തി പുതിയ വാർഡ്, കെട്ടിട നമ്പറുകൾ രേഖപ്പെടുത്തുമ്പോഴാണ് ജനങ്ങൾക്ക് ഇതേക്കുറിച്ച് വ്യക്തമാകുന്നത്. നമ്പർ മാറുന്നത് വീട്ടുടമസ്ഥർ അറിയാതെ പോകുന്നതും വോട്ടർപട്ടികയിൽ വാർഡിന് അനുസരിച്ച് പേരിനു സ്ഥാനമാറ്റം വരുന്നത് വോട്ടർമാർ മനസ്സിലാക്കാത്തതും പരാതിക്കിടയാക്കുന്നു. ഇവ ഒരു പരിധി വരെ പരിഹരിക്കാനാണ് പോർട്ടൽ.