മൈനാഗപ്പള്ളി അപകടം: പ്രതികൾക്ക് വേണ്ടി ഇന്ന് കസ്റ്റഡി അപേക്ഷ നൽകും

Advertisement

ശാസ്താംകോട്ട :തിരുവോണ ദിവസം വൈകിട്ട് മൈനാഗപ്പള്ളി ആനൂർക്കാവ് ജംഗ്ഷനിൽ ഭർതൃസഹോദരൻ്റെ ഭാര്യയ്ക്കൊപ്പം സ്കൂട്ടറിൻ്റെ പിന്നിലിരുന്ന്‌ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മയെ ഇടിച്ചിട്ട ശേഷം ശരീരത്തിലൂടെ കാർ കയറ്റിയിറക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിന് പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. കസ്റ്റഡിയിൽ കിട്ടുന്ന മുറയ്ക്ക് പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് ശാസ്താംകോട്ട സി.ഐ രാജേഷ് പറഞ്ഞു. കാർ ഓടിച്ചിരുന്ന കരുനാഗപ്പള്ളി ഇടക്കുളങ്ങര പുന്തല തെക്കതിൽ മുഹമ്മദ് അജ്മൽ (29),ഇയ്യാളുടെ പെൺസുഹൃത്തും കരുനാഗപ്പള്ളിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുമായിരുന്ന നെയ്യാറ്റിൻകര സ്വദേശി ശ്രീക്കുട്ടി (27) എന്നിവർ റിമാൻഡിലാണ്.അജ്മൽ പൂജപ്പുര സെൻട്രൽ ജയിലിലും ശ്രീക്കുട്ടി അട്ടക്കുളങ്ങര വനിതാ ജയിലിലുമാണ് റിമാൻഡിൽ കഴിയുന്നത്. മനപൂർവ്വമുള്ള നരഹത്യ,പ്രേരണാകുറ്റം എന്നിവയാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകൾ.വടക്കൻ മൈനാഗപ്പള്ളി പഞ്ഞിപ്പുല്ലുംവിളയിൽ വീട്ടിൽ നൗഷാദിൻ്റെ ഭാര്യ കുഞ്ഞുമോളാണ് (45)
അപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്.സുഹൃത്തിൻ്റെ വീട്ടിൽ മദ്യസൽക്കാരത്തിൽ പങ്കെടുത്ത ശേഷം അജ്മലും ശ്രീക്കുട്ടിയും കരുനാഗപ്പള്ളിയിലേക്ക് മടങ്ങുമ്പോഴാണ് ആനൂർക്കാവിൽ വച്ച് വീട്ടമ്മമാർ സഞ്ചരിച്ച സ്കൂട്ടർ ഇടിച്ചു തെറിപ്പിച്ചത്.ഇരുവരും മദ്യലഹരിയിലായിരുന്നു.സ്കൂട്ടറിനു പിന്നിലിരുന്ന കുഞ്ഞുമോൾ കാറിൻ്റെ ബോണറ്റിൽ തട്ടി മുൻ ടയറുകൾക്ക് അടിയിലേക്കും സ്കൂട്ടർ ഓടിച്ചിരുന്ന ഫൗസിയ റോഡിൻ്റെ സൈഡിലേക്കും വീഴുകയായിരുന്നു.ഓടിക്കൂടിയ നാട്ടുകാർ മുന്നോട്ട് എടുക്കല്ലേയെന്ന് അലറിവിളിച്ച് അറിയിച്ചിട്ടും അത് വകവയ്ക്കാതെ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കയറ്റിയിറക്കി മുന്നോട്ട് പാഞ്ഞ് പോകുകയായിരുന്നു.വാരിയെല്ലുകൾ പൊട്ടി ശ്വാസകോശത്തിൽ തുളച്ചു കയറിയതാണ് കുഞ്ഞുമോളുടെ മരണത്തിനിടയാക്കിയത്.നിർത്താതെ പോയ കാർ പിന്നീട് ഇടക്കുളങ്ങരയിൽ വച്ച് മതിലിൽ ഇടിക്കുകയും അജ്മൽ രക്ഷപ്പെടുകയുമായിരുന്നു.കാറിൽ ഉണ്ടായിരുന്ന ഡോ.ശ്രീക്കുട്ടിയെ നാട്ടുകാർ തടഞ്ഞുവച്ച് ശാസ്താംകോട്ട പോലീസിൽ കൈമാറുകയായിരുന്നു.രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ പതാരത്ത് നിന്നും തിങ്കളാഴ്ച പുലർച്ചെയാണ് അജ്മൽ പൊലീസിൻ്റെ പിടിയിലായത്.