നിയമസഭാ സമ്മേളനം ഒക്ടോബർ നാല് മുതൽ വിളിച്ചു ചേർക്കാൻ മന്ത്രിസഭാ യോഗ തീരുമാനം

Advertisement

തിരുവനന്തപുരം:
പതിനഞ്ചാം കേരള നിയമസഭയുടെ 12ാം സമ്മേളനം ഒക്ടോബർ നാല് മുതൽ വിളിച്ചു ചേർക്കാൻ തീരുമാനം. മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഗവർണറോട് സഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ശുപാർശ ചെയ്യും.

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് സമർപ്പിച്ച മെമ്മോറാണ്ടത്തിലെ വിവരങ്ങളും മന്ത്രിസഭാ യോഗത്തിൽ ചർച്ചയായി. കണക്കുമായി ബന്ധപ്പെട്ടുയർന്ന വിവാദം ദോഷം ചെയ്യുമെന്ന് മന്ത്രിമാർ അഭിപ്രായപ്പെട്ടു. മെമ്മോറാണ്ടത്തിലെ വിവരങ്ങൾ റവന്യു മന്ത്രി കെ രാജൻ യോഗത്തിൽ വിശദീകരിച്ചു.

ആറ് മൊബൈൽ കോടതികളെ റഗുലർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതികളാക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ മൊബൈൽ കോടതികളെയാണ് മാറ്റുക. പുതുതായി 21 തസ്തികകൾ സൃഷ്ടിക്കും.