കല്യാണ വീട്ടിൽ കവർച്ച, പിടിക്കപ്പെടുമെന്നായപ്പോൾ ഉപേക്ഷിച്ചു: മോഷണം പോയ 17.5 പവൻ സ്വർണം കണ്ടെത്തി

Advertisement

തിരുവനന്തപുരം: കാട്ടാക്കട മാറനല്ലൂരിൽ വിവാഹവീട്ടിൽനിന്നു മോഷണം പോയ സ്വർണം ദിവസങ്ങൾക്കു ശേഷം വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് 17.5 പവൻ സ്വർണം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ ഇന്നു രാവിലെ വീടിനു സമീപത്തെ വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

14ന് മാറനല്ലൂർ പുന്നൂവൂരിൽ ഗില്ലിൻ എന്നയാളുടെ വീട്ടിലാണ് വിവാഹത്തിനിടെ മോഷണം നടന്നത്. വിവാഹശേഷം വരനും വധുവും ബന്ധുവീട്ടിൽ വിരുന്നിനു പോയ ശേഷം രാത്രി തിരിച്ചെത്തിയപ്പോഴാണ് സ്വർണം നഷ്ടപ്പെട്ട വിവരം അറിയുന്നത്.

ഗിലിന്റെ ഭാര്യയുടെ ആഭരണങ്ങളാണ് നഷ്ടമായത്. 30 പവൻ സ്വർണം വച്ചിരുന്ന ബാഗിൽനിന്ന് 17.5 പവൻ ആണ് നഷ്ടപ്പെട്ടത്. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകി. പൊലീസ് എത്തി സംശയമുള്ളവരെ ചോദ്യം ചെയ്യുകയും വിരലടയാളം ഉൾപ്പെടെ പരിശോധിക്കുകയും ചെയ്തു. ഇതിനിടയിലാണ് ഇന്നു രാവിലെ മോഷണം പോയ സ്വർണാഭരണങ്ങൾ പൊതിഞ്ഞ നിലയിൽ ആരോ വീടിനു സമീപത്തെ വഴിയിൽ ഉപേക്ഷിച്ചത്. പിടിക്കപ്പെടും എന്ന് ഉറപ്പായതോടെ സ്വർണം തിരികെ വയ്ക്കുകയായിരുന്നുവെന്നു മാറനല്ലൂർ പൊലീസ് പറയുന്നു.

Advertisement