വരുന്നൂ കോൺഗ്രസുകാർക്കും പാർട്ടി ക്ലാസ്: സിലബസിൽ എഐ മുതൽ ചരിത്രം വരെ; മാർഗരേഖയും വരും

Advertisement

കോട്ടയം; പ്രവർത്തകരെ പഠിപ്പിക്കാനൊരുങ്ങി കോൺ​ഗ്രസ്. ബ്ലോക്ക് തലം വരെയുള്ള പുനഃസംഘടന പൂർത്തിയാക്കി ഈ വർഷം അവസാനത്തോടെ കോൺഗ്രസിൽ പഠന ക്ലാസുകൾ ആരംഭിക്കാനാണു സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം. ലിജുവിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി സിലബസ് രൂപീകരിക്കാനുള്ള ആലോചനകൾ തുടങ്ങി. മൊഡ്യൂൾ അനുസരിച്ച് ബ്ലോക്ക് തലം വരെ തുടർച്ചയായുള്ള പരിശീലനവും ജില്ലാ–കെപിസിസി ഭാരവാഹികൾക്ക് റസിഡൻഷ്യൽ ക്യാംപുകളുമാണ് ഉദ്ദേശിക്കുന്നത്.

എഐ സാങ്കേതിക വിദ്യ, ഡേറ്റാ മാനേജ്മെന്റ്, സമൂഹമാധ്യമങ്ങളുടെ ഉപയോഗം തുടങ്ങിയവ മുതൽ പാർട്ടി ചരിത്രം വരെ ഭാരവാഹികൾക്കു പഠിക്കേണ്ടി വരും. പാർട്ടി ചരിത്രം, നെഹ്റുവിന്റെ കാഴ്ചപ്പാടുകൾ, മാർക്സിസവും സംഘപരിവാർ രാഷ്ട്രീയവും, ഇന്ത്യൻ സ്വാതന്ത്ര്യസമരം തുടങ്ങിയവ ഉൾപ്പെടെ മനഃപാഠമാക്കണം. സമ്മേളന വേദികളിലെ ഇടിച്ചുകയറൽ, ഫോട്ടോയിൽ ഉൾപ്പെടാനുള്ള തിക്കിത്തിരക്ക്, ഫ്ലെക്സ് ബോർഡുകളിൽ തല കാണിക്കാനുള്ള ആവേശം എന്നിവ നിയന്ത്രിക്കാനുള്ള അച്ചടക്ക ക്ലാസുകളും ഉണ്ടാകും. കൂടിയാലോചനകൾക്കു ശേഷമാകും സിലബസ് സംബന്ധിച്ച അന്തിമ തീരുമാനം.

കെപിസിസി പരിശോധിക്കും

280 ബ്ലോക്ക് കമ്മിറ്റികളിൽ 161 എണ്ണത്തിന്റെ പുനഃസംഘടന പൂർത്തിയായി. ബാക്കിയുള്ള 119 കമ്മിറ്റികൾ ഒക്ടോബർ 15നുള്ളിൽ പുനഃസംഘടിപ്പിക്കും. വാർഡ്, മണ്ഡലം, നിയോജക മണ്ഡലം, ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളുടെ പട്ടിക ഡിസിസി വഴി കെപിസിസിക്കു കൈമാറും. കെപിസിസി നിയോഗിക്കുന്ന സമിതി സംസ്ഥാനത്തെ എല്ലാ കമ്മിറ്റികളുടെയും ഭാരവാഹിപ്പട്ടിക സൂക്ഷ്മമായി പരിശോധിക്കും. വനിതകളുടെയും യുവാക്കളുടെയും പ്രാതിനിധ്യം ഉറപ്പാക്കാനാണ് ഇത്.

നമ്മൾ എത്ര പേർ?

2025 തുടക്കത്തോടെ പാർട്ടി ഭാരവാഹികളുടെയും പ്രവർത്തകരുടെയും വിവരങ്ങൾ പൂർണമായും ശേഖരിക്കാനുള്ള നടപടികൾ തുടങ്ങും. കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിന്റെ കൂടി സഹായത്തോടെയാകും ഇത്. ഭാരവാഹികളുടെയും പ്രവർത്തകരുടെയും എണ്ണം, അവരുടെ വിവരങ്ങൾ എന്നിവ ശേഖരിക്കുകയാണു ലക്ഷ്യം.

പെർഫോമൻസ് അസസ്മെന്റ് സിസ്റ്റം

താഴെത്തട്ട് മുതലുള്ള പാർട്ടി ഭാരവാഹികൾക്കു മാർഗരേഖ കൊണ്ടുവരാനും നീക്കമുണ്ട്. മാർഗരേഖ പുറത്തിറക്കിയ ശേഷം പ്രവർത്തനം വിലയിരുത്താനായി പെർഫോമൻസ് അസെസ്മെന്റ് സിസ്റ്റം നടപ്പിലാക്കും. ‘ഒരാൾക്ക് ഒരു പദവി’ താഴെത്തട്ടിലും നിർബന്ധമാക്കും. ഉദാഹരണത്തിന്, മണ്ഡലം വൈസ് പ്രസിഡന്റായിരിക്കുന്ന ഒരാൾ ചിലപ്പോൾ കർഷക കോൺഗ്രസിന്റെ സംസ്ഥാന സെക്രട്ടറി ആയിരിക്കാം. ഇത്തരത്തിൽ രണ്ടു പദവികൾ അനുവദിക്കില്ല.

Advertisement