മലപ്പുറം. ജില്ലയില്‍ സ്ഥിരീകരിച്ച എംപോക്സിലും നിപയിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. എംപോക്സ് ബി വൺ വകഭേദം ആണെങ്കിൽ അതീവ ജാഗ്രത പുലർത്തണം. ഈ പരിശോധനാഫലം ഉടൻ ലഭിക്കും. രോഗി വന്ന വിമാനത്തിലെ 43 പേർ നിരീക്ഷണത്തിലുണ്ട്. നടുവത്ത് സ്ഥിരീകരിച്ച നിപയിൽ 37 പേരുടെ സാമ്പിൾ നെഗറ്റീവ് ആയെന്നും മലപ്പുറത്ത് നടന്ന ഉന്നത തല യോഗത്തിന് ശേഷം ആരോഗ്യമന്ത്രി അറിയിച്ചു.
എംപോക്സിലും നിപയിലും പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ മലപ്പുറത്തെത്തിയ ആരോഗ്യമന്ത്രി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിലും ജനപ്രതിനിധികളുടെ യോഗത്തിലും പങ്കെടുത്തു. എംപോക്സ് ബാധിച്ച രോഗിയുടെ സമ്പർക്കത്തിലുള്ള 29 പേരുടെ പട്ടിക തയ്യാറാക്കി. ഇവരെല്ലാം കോറൻ്റൈനിലാണ്. ആറുപേർ വിദേശത്താണ്. രോഗി വന്ന വിമാനത്തിലെ 43 പേർ നിരീക്ഷണത്തിൽ. ആർക്കും രോഗലക്ഷണം ഇല്ലെന്നും മന്ത്രി വീണ ജോർജ് അറിയിച്ചു.
എംപോക്സ് രോഗ ലക്ഷണവുമായി പത്തനംതിട്ടയിൽ ഉണ്ടായിരുന്ന മൂന്നു പേരുടെ ഫലം നെഗറ്റീവ് ആണ്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന രോഗിയുടെ നില തൃപ്തികരം. എംപോക്സ് വകഭേദം ഏതെന്ന് തിരിച്ചറിയാനുള്ള പരിശോധനാഫലം ഉടൻ എത്തും. നിപയിൽ 37 പേരുടെ സ്രവ പരിശോധന നെഗറ്റീവ് ആയി.
ഏഴുപേരുടെ സാമ്പിൾ കൂടി പരിശോധനയ്ക്ക് അയച്ചു.