ഹണി ട്രാപ്പിൽ പെടുത്തി 55 കാരനെ മർദ്ദിച്ചു പണം തട്ടി, അഞ്ചംഗ സംഘം പോലീസ് പിടിയിൽ

Advertisement

മലപ്പുറം. ഹണി ട്രാപ്പിൽ പെടുത്തി 55 കാരനെ മർദ്ദിച്ചു പണം തട്ടിയ കേസിൽ അഞ്ചംഗ സംഘം പോലീസ് പിടിയിൽ. അരീക്കോട് പോലീസ് ആണ് പ്രതികളെ പിടികൂടിയത്. സമൂഹമാധ്യമങ്ങളിലൂടെ 15 കാരൻ ബന്ധം സ്ഥാപിച്ച് ഇയാളെ കെണിയിൽ പെടുത്തുകയായിരുന്നു.

കാവനൂർ സ്വദേശി ഇർഫാൻ, പുത്തലം സ്വദേശി ആഷിക് , എടവണ്ണ സ്വദേശി ഹരികൃഷ്ണൻ, പ്രായപൂർത്തിയാകാത്ത മറ്റു രണ്ടുപേർ എന്നിവരാണ് പ്രതികൾ.
15 വയസ്സുള്ള പയ്യൻ സമൂഹമാധ്യമങ്ങളിലൂടെ 55 കാരനുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. ഇയാൾ ജോലിചെയ്യുന്ന സ്ഥലത്തേക്ക് പ്രായപൂർത്തിയാകാത്ത വ്യക്തിയെ കൂടെയുള്ളവർ എത്തിച്ചു. തുടർന്ന് മർദ്ദിക്കുകയും പോക്സോ കേസിൽ ഉൾപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ആദ്യം മുപ്പതിനായിരം രൂപയും പിന്നീട് പതിനായിരം രൂപയും ഇയാളുടെ ഫോൺ കൈക്കലാക്കി ഗൂഗിൾ പേ ചെയ്തു. ഈ പണവുമായി ഇന്നോവ കാർ വാടകയ്ക്ക് എടുത്ത് കൊടൈക്കനാലിൽ കറങ്ങിയ സംഘം തിരിച്ചെത്തി ഒരുലക്ഷം രൂപ കൂടി മധ്യവയസ്കനോട് ആവശ്യപ്പെട്ടു. ഇതോടെ ഇയാൾ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് അരീക്കോട് പോലീസിന്റെ നിർദ്ദേശപ്രകാരം പണം നൽകാമെന്ന് അറിയിച്ച് പരാതിക്കാരൻ യുവാക്കളെ വിളിച്ചു വരുത്തി. ഇവിടെവെച്ച് പോലീസ് പ്രതികളെ പിടികൂടി. മാനസികമായി തകർന്ന 55 കാരൻ ആത്മഹത്യയുടെ വക്കിൽ എത്തിയിരുന്നു എന്ന് പോലീസ് പറഞ്ഞു. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Advertisement