മലപ്പുറം. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെയുള്ള പരാതി പി വി അൻവർ എംഎൽഎ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് കൈമാറി. ദൂതൻ വഴി ഇന്നലെയാണ് പരാതി പാർട്ടി സെക്രട്ടറിക്ക് നൽകിയത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ പി ശശി ഹൈജാക്ക് ചെയ്യുന്നു എന്നത് ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് പരാതിയിലുള്ളത്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെയും എഡിജിപി എം ആർ അജിത് കുമാറിനെതിരെയും കടുത്ത വിമർശനം പി വി അൻവർ എംഎൽഎ തുടരുമ്പോഴും ശശി യ്ക്കെതിരെ പാർട്ടിക്ക് മുൻപിൽ പരാതികൾ ഒന്നും ഇല്ലെന്ന നിലപാടായിരുന്നു സിപിഎം സ്വീകരിച്ചത്. ഇതോടെയാണ് പി വി അൻവർ രേഖാമൂലം പരാതി നൽകിയിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് അൻവർ ഇന്നലെ പരാതി കൊടുത്തയച്ചു. പി.ശശി മുഖ്യമന്ത്രിയുടെ ഓഫീസിനെ ഹൈജാക്ക് ചെയ്യുകയാണ്. ആർഎസ്എസ് എഡിജിപി കൂടിക്കാഴ്ചയുടെയും സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലുമുള്ള ഇൻറലിജൻസ് റിപ്പോർട്ട് മുഖ്യമന്ത്രിയിലേക്ക് എത്താതെ പൊളിറ്റിക്കൽ സെക്രട്ടറി പൂഴ്ത്തി എന്ന ആരോപണം അൻവർ ഉന്നയിച്ചിരുന്നു. ഇതിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്. നേരത്തെ എഡിജിപി എം ആർ അജിത് കുമാറിനെ തത്സ്ഥാനത്തുനിന്ന് മാറ്റി അന്വേഷിക്കണമെന്ന് അൻവറിന്റെ ആവശ്യം സർക്കാർ ഇതുവരെ ചെവി കൊണ്ടില്ല. അന്വേഷണം നടക്കട്ടെ എന്നും സ്ഥാനത്തുനിന്നും മാറ്റേണ്ടതില്ലെന്നുമുള്ള നിലപാടാണ് സിപിഐയുടെ അടക്കം കടുത്ത സമ്മർദ്ദത്തിനിടയിലും മുഖ്യമന്ത്രി സ്വീകരിച്ചത്. പി. ശശിക്കെതിരെ രേഖാമൂലം ലഭിച്ച പരാതിയിൽ സിപിഎം എന്ത് നിലപാട് എടുക്കും എന്നതാണ് ഇനി കണ്ടറിയേണ്ടതും.