ചാമ്പ്യൻസ് ബോട്ട് ലീഗ് ഉപേക്ഷിക്കരുത്: കൊടിക്കുന്നിൽ സുരേഷ് എംപി

Advertisement

ആലപ്പുഴ.ചാമ്പ്യൻസ് ബോട്ട് ലീഗ് കേരളത്തിന്റെ പരമ്പരാഗത വള്ളംകളി മത്സരങ്ങളെ ആഗോള ശ്രദ്ധയുടെ കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്ന ഒരു അഭിമാനകരമായ കായികമേളയാണ്. ഈ മേള കേരളത്തിലെ സാംസ്കാരിക പൈതൃകത്തിന്റെ അവിഭാജ്യഘടകമായ വള്ളംകളി മത്സരങ്ങളെ പ്രോത്സാഹിപ്പിക്കുകയും കേരളത്തിന്റെ ടൂറിസം മേഖലയെ സമ്പന്നമാക്കുകയും ചെയ്യുന്നു. ഇതൊരു പൊതു ഉത്സവമാക്കി മാറ്റുവാനും ഗ്രാമീണ അടിത്തറയിലുള്ള വള്ളംകളികൾക്ക് ജനപങ്കാളിത്തം ഉറപ്പുവരുത്തുവാനും സാംസ്കാരിക പൈതൃക സംരക്ഷണത്തോടൊപ്പം ബോട്ട് ക്ലബ്ബുകൾക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ ഉറപ്പാക്കുവാനും ചാമ്പ്യൻസ് ബോട്ട് ലീഗിന് കഴിയും.

ചാമ്പ്യൻസ് ബോട്ട് ലീഗ് ഉപേക്ഷിക്കുന്നതും ഇതിന്റെ തുടർച്ചയുള്ള സജീവ പിന്തുണ ഇല്ലാതാകുന്നതും കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെ പാരമാർത്ഥികമായി ബാധിക്കും. കൂടാതെ, ടൂറിസം മേഖലയിലെ മാറ്റം സൃഷ്ടിക്കാൻ ആവശ്യമായ അവസരങ്ങൾ നഷ്ടപ്പെടുത്തും. സർക്കാർ സാങ്കേതിക സഹായവും സാമ്പത്തിക പിന്തുണയും ഉറപ്പാക്കണമെന്ന് എംപി ആവശ്യപ്പെടുന്നു.

ചാമ്പ്യൻസ് ബോട്ട് ലീഗ് , കേരളത്തിന്റെ പൈതൃകവും ആഗോള ടൂറിസം സാധ്യതകളും വളർത്താനുളള മികവുറ്റൊരു പ്ലാറ്റ്ഫോം ആയി മാറിയിരിക്കെ,  ഇതിനെ ഉപേക്ഷിക്കുന്നത് ഗ്രാമീണ ജനസംഖ്യയുടെ പൊതുപങ്കാളിത്തത്തിനും പ്രത്യേകിച്ചും തുഴച്ചിൽക്കാർ, ബോട്ട് ക്ലബ്ബുകൾ, വള്ളങ്ങളുടെ ഉടമകൾ എന്നിവരുടെ സാമ്പത്തിക നഷ്‌ടത്തിനും കാരണമാകുമെന്ന് എംപി മുന്നറിയിപ്പ് നൽകി.

കേരളത്തിലെ കല, കായികം, സാംസ്കാരികവും സാമ്പത്തികവുമായ വികാസം ഉറപ്പാക്കാൻ ഈ ലീഗ് തുടരണമെന്നും, സംസ്ഥാന സർക്കാർ, ടൂറിസം വകുപ്പ് എന്നിവ അദ്ധ്യക്ഷതയിൽ അടിയന്തരമായി യോഗം ചേർന്ന് ചാമ്പ്യൻസ് ബോട്ട്  ലീഗ് തീയതികൾ പ്രഖ്യാപിക്കപ്പെടേണ്ടതുണ്ടെന്നും എംപി കൂട്ടിച്ചേർത്തു.

Advertisement