സഹകരണ ബാങ്കിലെ വായ്പ പ്രവർത്തകർ തിരിച്ചടയ്ക്കുന്നില്ല: കുടിശ്ശിക ഉടൻ‌ അടച്ചു തീർക്കണമെന്ന് സിപിഎംFAU

Advertisement

കോട്ടയം: സഹകരണ ബാങ്കിൽ നിന്നെടുത്ത വായ്പകൾ സിപിഎം പ്രവർത്തകർ തിരിച്ചടയ്ക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സമിതിയുടെ രേഖ. കോടിക്കണക്കിന് രൂപയാണ് ഇത്തരത്തിൽ തിരിച്ചടയ്ക്കാനുള്ളത്. പണം ഉടൻ‌ തിരിച്ചടയ്ക്കണമെന്നും സംസ്ഥാന സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിൽനിന്ന് നേതാക്കളും പ്രവർത്തകരും കോടികൾ തട്ടിയെടുക്കുന്നു എന്ന വിമർശനങ്ങൾ ശക്തമാകുമ്പോഴാണ് സിപിഎമ്മിന്റെ സ്വയം വിമർശനം.

പാർട്ടി സഖാക്കൾ വായ്പയെടുത്ത പണം തിരിച്ചടയ്ക്കുന്നില്ലെന്ന പ്രശ്നം സഹകരണ മേഖലയിലുണ്ടെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കോടികൾ വായ്പയെടുത്ത് തിരിച്ചടയ്ക്കാത്ത സ്ഥിതിയാണ്. തിരിച്ചടയ്ക്കാൻ പറ്റുന്ന വായ്പകൾ മാത്രമേ സഖാക്കൾ ബാങ്കിൽ നിന്ന് എടുക്കാവൂ. വായ്പ എടുത്ത് കുടിശ്ശിക വരുത്തിയിട്ടുള്ള തുക എത്രയും വേഗം അടച്ച് തീർക്കണം. വലിയ സംഖ്യകൾ ബാങ്കിൽ നിന്നു വായ്പയായി എടുക്കുമ്പോൾ ബന്ധപ്പെട്ട കമ്മിറ്റികളുടെ സമ്മതം വാങ്ങണമെന്നും സംസ്ഥാന സമിതിയുടെ റിപ്പോർട്ടിലുണ്ട്.

ഓരോ ഏരിയയിലും സഹകരണ രംഗത്തെ വിദഗ്ധരെ ഉൾപ്പെടുത്തി പരിശോധനാ സംവിധാനങ്ങൾ രൂപപ്പെടുത്തണം. കൃത്യമായ പരിശോധന നടത്തണം. കമ്മിറ്റികൾ പരിശോധിച്ച് ആവശ്യമായ ഇടപെടലുകൾ ഉണ്ടാകണം. സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവയിൽ നിലവിൽ 47,172 കോടിരൂപയുടെ വായ്പാ കുടിശികയുണ്ടെന്നാണ് സർക്കാർ കണക്ക്. 277 സഹകരണ സംഘങ്ങളിലാണ് സർക്കാരിന്റെയും മറ്റ് ഏജൻസികളുടെയും നിക്ഷേപ തട്ടിപ്പ്, മറ്റ് സാമ്പത്തിക ക്രമക്കേടുകൾ എന്നിവ കണ്ടെത്തിയിരിക്കുന്നത്.