‘അമ്മ’ മുഖം മായുമ്പോൾ

Advertisement

റ്റി.ഇ.സ്റ്റീഫൻസൺ

കൊച്ചി: ആറര പതിറ്റാണ്ട് മലയാള സിനിമയിലെ അഭ്രപാളികളിൽ അമ്മ മുഖമായി നിറഞ്ഞാടിയ കവിയൂർ പൊന്നമ്മ ചമയങ്ങളഴിച്ച് നാട്യങ്ങളില്ലാത്ത കാലയവനികയ്ക്കുള്ളിലേക്ക് മറയുമ്പോൾ ഓർമ്മയാകുന്നത് മറക്കാനാവാത്ത ഒരു പിടി കഥാപാത്രങ്ങൾ.1964 ൽ കുടുംബിനി എന്ന സിനിമയിലൂടെ 20-ാം വയസിൽ അമ്മ വേഷം പകർന്നാടിയ ഈ കവിയൂർകാരി ഏഴുനൂറിലധികം സിനിമകളിലൂടെയും 25 ഓളം സീരിയലുകളിലൂടെയും മലയാള സിനിമാപ്രേക്ഷകരുടെ ഉള്ളിൽ ചിരപ്രതിഷ്ഠ നേടി.
1962ലെ ശ്രീരാമ പട്ടാഭിഷേകം മുതൽ അവസാനം 2021 ൽ പുറത്തിറങ്ങിയ ആണും പെണ്ണും വരെയുള്ള സിനിമകളിൽ വ്യത്യസ്ഥ ങ്ങളായ അമ്മ കഥാപാത്രങ്ങൾക്ക് മിഴിവേകിയ ജീവതത്തിന് ഇന്ന് വൈകിട്ട് 5.33നാണ് എറണാകുളം ലിസി ആശുപത്രിയിൽ തിരശ്ശീല വീണത്.
കേരളത്തിൻ്റ സാംസ്ക്കാരിക രാഷ്ട്രീയ രംഗങ്ങളിൽ ഏറെ മാറ്റങ്ങൾക്ക് കാറ്റ് വീശിയ കെപിഎസി യുടെ മൂലധനം എന്ന നാടകത്തിലൂടെ 14-ാം വയസിൽ കലാരംഗത്തേക്ക് കടന്നു വന്നു. നാടകാഭിനയമാണ് വെള്ളിത്തിരയിലേക്ക് വഴി തുറന്നത്.
മികച്ച സഹനടിക്കുള്ള സംസ്ഥാനചലച്ചിത്ര അവാർഡ് നാലുതവണ (1971, 1972, 1973, 1994) കവിയൂര്‍ പൊന്നമ്മക്ക് ലഭിച്ചു.

1945 സെപ്റ്റംബർ 10ന് പത്തനംതിട്ട ജില്ലയിലെ കവിയൂർ എന്ന ഗ്രാമത്തിലാണ് ജനനം. കുട്ടിക്കാലം പൊൻകുന്നത്തായിരുന്നു. പിന്നീട് സംഗീത പഠനത്തിനായി ചങ്ങനാശ്ശേരിയിലെത്തി.
വടക്കൻ പറവൂരിലെ കരിമാളൂരിലെ വസതിയിൽ ജ്യേഷ്ഠനും കുടുംബത്തിനുമൊപ്പമാണ് കവിയൂർ പൊന്നമ്മ കഴിഞ്ഞുവന്നത്.

ഏകമകൾ ബിന്ദു അമേരിക്കയിലാണ്. സിനിമാ നിര്‍മാതാവായിരുന്ന മണിസ്വാമിയായിരുന്നു ഭർത്താവ്. അന്തരിച്ച പ്രശസ്ത നാടക സിനിമാ നടിയായിരുന്ന കവിയൂർ രേണുക പൊന്നമ്മയുടെ സഹോദരിയാണ്.
തോപ്പിൽ ഭാസിയെ ആണ് തന്റെ അഭിനയകലയുടെ ഗുരുവായി കണ്ടിരുന്നത്.

1962 ൽ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലാണ് ആദ്യമായി കാമറക്ക് മുന്നിലെത്തുന്നത്. 1965ൽ തൊമ്മന്റെ മക്കളിൽ സത്യന്റെയും മധുവിന്റെയും അമ്മയായി അഭിനയിച്ചു. 1965 ലെ തന്നെ ഓടയിൽനിന്നിൽ സത്യന്റെ നായികാകഥാപാത്രമായി.

1973 ൽ പെരിയാർ എന്ന ചിത്രത്തിൽ മകനായി അഭിനയിച്ച തിലകൻ പിൽക്കാലത്ത് കവിയൂർ പൊന്നമ്മയുടെ ഭർത്താവ് എന്ന നിലക്ക് മികച്ച ജോടികളായി ശ്രദ്ധനേടി. നെല്ല് (1974)എന്ന ചിത്രത്തിൽ സാവിത്രി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.
തീർത്ഥയാത്രയിലെ ‘അംബികേ ജഗദംബികേ’ എന്ന ഭക്തിഗാനവും പൊന്നമ്മ പാടി. പൂക്കാരാ പൂതരുമോ, വെള്ളിലം കാട്ടിലൊളിച്ചു കളിക്കുവാൻ എന്നീ പ്രശസ്ത നാടകഗാനങ്ങളും കവിയൂർ പൊന്നമ്മയുടെ മധുരശബ്ദത്തിൽ പിറന്നവയാണ്.
മലയാള സിനിമാരംഗത്തെ മിക്ക പ്രമുഖ നടൻമാരുടെയും അമ്മയായി കവിയൂർ പൊന്നമ്മ വേഷമിട്ടിട്ടുണ്ടെങ്കിലും മോഹൻലാലിന്റെ അമ്മയായുള്ള വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.
മലയാള സിനിമയിലെ എണ്ണം പറഞ്ഞ താരങ്ങൾക്കൊപ്പം കാലഘട്ടത്തിനുസൃതമായി പ്രേക്ഷകരെ ചിന്തിപ്പിക്കുകയും, കരയിക്കുകയും ചെയ്ത കവിയൂർ പൊന്നമ്മ യാത്രയാകുമ്പോൾ വരും തലമുറയ്ക്ക് ഓർത്ത് വെയ്ക്കാൻ ഒട്ടേറെ കഥാപാത്രങ്ങൾ അവരുടേതായി ജീവിക്കും

1 COMMENT

Comments are closed.