വയനാട് സഹായം മിണ്ടാതെ കേന്ദ്രം

Advertisement

തിരുവനന്തപുരം. മുണ്ടക്കൈ ചൂരൽ മല ദുരന്ത മേഖലയിലെ ആദ്യഘട്ട പുനരധിവാസത്തിന് കേരളം ആവശ്യപ്പെട്ട 1202 കോടി രൂപയിൽ തീരുമാനം എടുക്കാതെ കേന്ദ്ര സർക്കാർ. വിശദമായ മെമ്മോറാണ്ടം നൽകിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വയനാട്ടിലെത്തി എല്ലാ സഹായവും നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും 41 ദിവസത്തിന് ശേഷവും ഒരു രൂപ പോലും കിട്ടിയില്ല

ദുരന്ത ഭൂമി കണ്ടു പ്രധാനമന്ത്രി മടങ്ങിയതിന് പിന്നാലെയാണ് കേരളം വിശദമായ മെമ്മോറാണ്ടം തയ്യാറാക്കിയത് . ആദ്യഘട്ട ധനസഹായമെന്ന നിലയിൽ കേരളം ചോദിച്ചത് 1202 കോടി രൂപ. ദുരന്തത്തിൽ ഉണ്ടായ നഷ്ടം, ദുരന്ത പ്രതികരണം, നിവാരണം എന്നിവ കണക്കാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ മെമോറാണ്ടം തയ്യാറാക്കിയത് . ദില്ലിയിലെത്തിയ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ നേരിട്ട് കണ്ടും കാര്യങ്ങൾ ധരിപ്പിച്ചു.
എന്നാൽ ദുരന്തം നടന്ന് 52 ദിവസമായിട്ടും ഒരു തീരുമാനവും കേന്ദ്രസര്‍ക്കാര്‍ എടുത്തിട്ടില്ല. വയനാട് ദുരന്ത പുനരധിവാസത്തിന്‍റെ പേരിൽ ഒരു രൂപപോലും സംസ്ഥാനത്തിന് നൽകിയിട്ടുമില്ല. പ്രധാനമന്ത്രിക്ക് പിന്നാലെ വയനാട് സന്ദർശിച്ച് മടങ്ങിയ ഉദ്യോഗസ്ഥ സംഘത്തിന്‍റെ ശുപാര്‍ശയിലും തുടര്‍ നടപടികളും എങ്ങുമെത്താത്ത അവസ്ഥയാണ്. കേന്ദ്ര സഹായത്തിന് അപേക്ഷ സമര്‍പ്പിച്ചാൽ ആവശ്യപ്പെട്ടതിന്‍റെ മൂന്നിലൊന്ന് പോലും കിട്ടാറില്ലെന്നതാണ് പലപ്പോഴും കേരളത്തിന്‍റെ അനുഭവം. പ്രളയ കാലത്ത് ആദ്യഘട്ട സഹായമായി 271 കോടി ആവശ്യപ്പെട്ട കേരളത്തിന് കേന്ദ്രം നൽകിയത് വെറും 70 കോടി രൂപയാണ്.