‘ടയർ ടാങ്കർ ലോറിയുടേത്’: ഗംഗാവലിപ്പുഴയിൽ കണ്ടെത്തിയ ടയർ അർജുന്റെ ലോറിയുടേതല്ല, തെരച്ചിൽ തുടരുന്നു

Advertisement

കാർവാർ: ഗംഗാവലിപ്പുഴയിൽ നടത്തിയ തെരച്ചിലിൽ കണ്ടെത്തിയ വാഹനത്തിന്റെ ടയർ അർജുന്റെ ലോറിയുടേതല്ല. അത് ടാങ്കർ ലോറിയുടേതാണെന്നു സ്ഥിരീകരിച്ചതായി എ.കെ.എം.അഷ്റഫ് എംഎൽഎ പറഞ്ഞു. ലോറിയുടമ മനാഫും ഇക്കാര്യം സ്ഥിരീകരിച്ചു.

ഇന്നത്തെ തെരച്ചിലി‍ൽ സ്റ്റിയറിങും ക്ലച്ചും 2 ടയറിന്റെ ഭാഗങ്ങളും കണ്ടെത്തിയിരുന്നു. സ്റ്റിയറിങ് കണ്ടെത്തിയ ഭാഗത്ത് തെരച്ചിൽ പുരോഗമിക്കുകയാണ്. നാവികസേന നിർദേശിച്ച മൂന്നു പോയിന്റുകളിൽ സിപി4 എന്ന് രേഖപ്പെടുത്തിയ ഭാഗത്തുനിന്ന് ഏകദേശം 30 മീറ്റർ മാറിയാണ് ലോറിയുടെ സ്ഥാനമെന്നും തലകീഴായി മറിഞ്ഞ നിലയിലാണ് ലോറിയുള്ളതെന്നുമാണ് മൽപെ പറഞ്ഞത്.

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനുൾപ്പെടെ മൂന്നുപേരെ കണ്ടെത്താനായി ഡ്രഡ്ജർ ഉപയോഗിച്ചുള്ള തെരച്ചിൽ ശനിയാഴ്ച രാവിലെയാണ് പുനരാരംഭിച്ചത്. ഈശ്വർ മൽപെയും സംഘവും പുഴയിലിറങ്ങി തെരച്ചിൽ നടത്തുകയാണ്. നേരത്തെ പുഴയിൽനിന്ന് അക്കേഷ്യ മരക്കഷണങ്ങൾ മൽപെ കണ്ടെത്തിയിരുന്നു. അർജുന്‍ ലോറിയിൽ കൊണ്ടുവന്ന തടികളാണിതെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചിരുന്നു.

കാലാവസ്ഥ അനുകൂലമായതിൽ വലിയ പ്രതീക്ഷയിലാണെന്ന് അർജുന്റെ സഹോദരി അഞ്ജു രാവിലെ വ്യക്തമാക്കിയിരുന്നു. രാവിലെ വേലിയേറ്റ സമയത്ത് പുഴയിൽ അൽപം വെള്ളം കൂടുതലുണ്ടായിരുന്നെങ്കിലും പിന്നീട് കാലാവസ്ഥ അനുകൂലമായി. വെള്ളത്തിന്റെ ഒഴുക്കും കുറഞ്ഞിട്ടുണ്ട്. എൻഡിആർഎഫ് സംഘവും സ്ഥലത്തുണ്ടെന്നും അഞ്ജു പറഞ്ഞു.

നാവിക സേന നിർദേശിച്ച മൂന്നു പ്രധാന പോയന്റുകളിലാണ് തെരച്ചിൽ നടത്തുന്നത്. കാർവാറിൽനിന്ന് എത്തിച്ച ഡ്രഡ്ജർ ഉപയോഗിച്ചാണ് തെരച്ചിൽ. വെള്ളിയാഴ്ച ഡ്രജർ ഉപയോഗിച്ചുള്ള പരിശോധനയിൽ ലോറിയുടെ ലോഹഭാഗം കണ്ടെത്തിയിരുന്നു. മൂന്ന് ദിവസം തെരച്ചിൽ നടത്താനാണ് ഡ്രഡ്ജർ കമ്പനിയുമായുള്ള കരാർ. ഗംഗാവലി പുഴയിൽ ഇറങ്ങി പരിശോധന നടത്താൻ മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെക്ക് അനുമതി നൽകിയിരുന്നു. വൈകീട്ട് ആറു വരെയാണ് തെരച്ചിൽ നടത്തുക. അർജുൻ ഓടിച്ച ലോറിയാണെന്ന് കരുതുന്ന ലോഹസാന്നിധ്യം കണ്ട സ്ഥലം അടയാളപ്പെടുത്തി മണ്ണ് നീക്കാൻ കഴിയും വിധമാണ് ഡ്രഡ്ജർ സ്ഥാപിച്ചത്.

കഴിഞ്ഞ ദിവസമാണ് അർജുന്റെ സഹോദരിയും ഷിരൂരിൽ എത്തിയത്. ഇത് അവസാന ശ്രമമാണെന്നും ലോറി കണ്ടെത്താനായില്ലെങ്കിൽ ദൗത്യം അവസാനിപ്പിക്കേണ്ടി വരുമെന്നും കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലും ഉത്തര കന്നഡ കലക്ടർ എം.ലക്ഷ്മിപ്രിയയും വ്യക്തമാക്കി. ജൂൺ 16നാണ് മണ്ണിടിച്ചിലിൽ ലോറിയുമായി അർജുനെ കാണാതായത്.

Advertisement