‘ശ്രീ അജിത് കുമാർ സാർ സിന്ദാബാദ്‌, ധനമന്ത്രിയാക്കണം’, മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതിന് പിന്നാലെ പരിഹാസവുമായി അൻവർ

Advertisement

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി തള്ളിപ്പറഞ്ഞതിന് പിന്നാലെ പരിഹാസവുമായി പി വി അൻവർ എംഎൽഎ രംഗത്ത്. അന്വേഷണത്തിന് ശേഷം മാത്രമേ എഡിജിപി അജിത് കുമാറിനെതിരെ നടപടിയുണ്ടാകു എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അൻവറിന്‍റെ പരിഹാസം.

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തിനൊപ്പം, സംസ്ഥാനത്തിന്റെ ധനകാര്യവകുപ്പ്‌ മന്ത്രിയുടെ അധിക ചുമതല കൂടി ശ്രീ അജിത്ത്‌ കുമാർ സാറിന് കൊടുക്കണമെന്നാണ് പരിഹാസ രൂപേണ അൻവർ ഫേസ്ബുക്കിൽ കുറിച്ചത്. ശ്രീ അജിത്ത്‌ കുമാർ സാർ സിന്ദാബാദെന്നും അൻവർ കുറിച്ചിട്ടുണ്ട്. 35 ലക്ഷത്തിന് ഒരു ഫ്ലാറ്റ്‌ വാങ്ങി വെറും 10 ദിവസത്തിനകം ഇരട്ടി ലാഭത്തിൽ മറിച്ചുവിറ്റെന്ന ആരോപണം ചൂണ്ടികാട്ടിയാണ് അൻവറിന്‍റെ പരിഹാസം. പി ശശിക്കെതിരായ വിമർശനങ്ങൾ അൻവർ ഒഴിവാക്കിയെന്നത് ശ്രദ്ധേയമാണ്.

പി വി അൻവറിന്‍റെ കുറിപ്പ്

35 ലക്ഷത്തിന് ഒരു ഫ്ലാറ്റ്‌ വാങ്ങി,വെറും 10 ദിവസത്തിനകം ഇരട്ടി ലാഭത്തിൽ അത്‌ മറിച്ച്‌ വിൽക്കുക.!!
ഇത്തരം ഫിനാൻഷ്യൽ മാനേജ്‌മെന്റ്‌ സ്ട്രാറ്റജി സംസ്ഥാനത്ത്‌ നടപ്പിലാക്കാൻ സാധിച്ചാൽ ഒരു വർഷം കൊണ്ട്‌ സംസ്ഥാനം ലോകത്തെ സമ്പന്ന രാഷ്ട്രങ്ങളുടെ നിലയിലേക്കെത്തും.
ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി സ്ഥാനത്തിനൊപ്പം, സംസ്ഥാനത്തിന്റെ ധനകാര്യവകുപ്പ്‌ മന്ത്രിയുടെ അധിക ചുമതല കൂടി ശ്രീ.അജിത്ത്‌ കുമാർ സാറിന് കൊടുക്കണം.
ശ്രീ.അജിത്ത്‌ കുമാർ സാർ സിന്ദാബാദ്‌..

നേരത്തെ രാവിലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് അൻവറിനെ മുഖ്യമന്ത്രി പരസ്യമായി തള്ളിപ്പറഞ്ഞത്. അൻവറിന് പരാതിയുണ്ടെങ്കിൽ പാർട്ടിയുടെയും മുഖ്യമന്ത്രിയുടേയും ശ്രദ്ധയിൽ പെടുത്തുകയായിരുന്നു വേണ്ടതെന്ന് മുഖ്യമന്ത്രി ചൂണ്ടികാട്ടി. ഒരു ഇടതുപക്ഷ എം എൽ എ എന്ന നിലയിൽ പി വി അൻവർ ചെയ്യേണ്ടത് അതായിരുന്നുവെന്നും മുഖ്യമന്ത്രി തുറന്നടിച്ചിരുന്നു. ഫോൺ ചോർത്തിയത് പൊതു പ്രവർത്തകനെന്ന നിലയിൽ ചെയ്യാൻ പാടില്ലാത്തതായിരുന്നു. അൻവറിന് ഇടതുപക്ഷ പശ്ചാത്തലമില്ല. കോൺഗ്രസിൽ നിന്നും വന്നയാളാണ്. അൻവർ പരസ്യ പ്രതികരണം തുടർന്നാൽ ഞാനും മറുപടി നൽകേണ്ടി വരുമെന്നും മുഖ്യമന്ത്രി തുറന്നടിച്ചിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here