വ്യാജവാർത്തകൾക്ക് പിന്നിൽ കേരളത്തെ തകർക്കാനുള്ള അജണ്ടയെന്ന് മുഖ്യമന്ത്രി,മാധ്യമങ്ങൾക്കെതിരെ കേസെടുക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഭീഷണി, പ്രതിപക്ഷ നേതാവ്

Advertisement

തിരുവനന്തപുരം. മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടലിൻ്റെ കണക്ക് വിവാദത്തിൽ മാധ്യമങ്ങളെ അതി രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി. വ്യാജവാർത്തകൾക്ക് പിന്നിൽ കേരളത്തെ തകർക്കാനുള്ള അജണ്ട എന്നും മുഖ്യമന്ത്രിയുടെ ആരോപണം. കണക്കുകൾ ഉൾപ്പെടെ എണ്ണിപ്പറഞ്ഞായിരുന്നു മാധ്യമ വിമർശനം. മാധ്യമങ്ങൾക്കെതിരെ കേസെടുക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഭീഷണിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

ഒരു മണിക്കൂർ 40 മിനിറ്റ് നീണ്ട വാർത്താ സമ്മേളനത്തിലെ ആദ്യ 55 മിനിറ്റും മാധ്യമ വിമർശനത്തിനായി മുഖ്യമന്ത്രി നീക്കിവച്ചു. വാർത്താ തലക്കെട്ടുകൾ വായിച്ച മുഖ്യമന്ത്രി, പിന്നാലെ കണക്കുകൾ എണ്ണി പറഞ്ഞു. കേന്ദ്രസർക്കാരിന് സമർപ്പിച്ച മെമ്മോറാണ്ടത്തിലെ കണക്കുകൾ തെറ്റായി വ്യാഖ്യാനിച്ചെന്ന് മുഖ്യമന്ത്രി. കേന്ദ്ര സഹായം പോലും കേരളത്തിന് കിട്ടരുതെന്ന ദുഷ്ടലാക്കാണ് പ്രചരണത്തിന് പിന്നിലെന്നും ആക്ഷേപം.

വ്യാജ വാർത്തകൾ കൊടുത്ത മാധ്യമങ്ങൾക്കെതിരെ നിയമ നടപടി ഉൾപ്പെടെ ആലോചിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി.

വ്യാജവാർത്തയുടെ പേരിലാണെങ്കിൽ ആദ്യം കേസെടുക്കേണ്ടത് ദേശാഭിമാനിക്കെതിരെ എന്ന് പ്രതിപക്ഷ നേതാവിന്റെ മറുപടി.

മാധ്യമങ്ങൾ മുൻപും വ്യാജ വാർത്തകൾ നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. കെവിൻ വധക്കേസും, എ.കെ.ജി സെൻ്റർ ആക്രമണ കേസും, പ്രളയ കാലത്തെ ഓമനക്കുട്ടനും എല്ലാം ഉദാഹരണമായി നിരത്തി. ചാനൽ റേറ്റിംഗിന് വേണ്ടിയുള്ള പോരാട്ടത്തിൽ ഒരു ജനതയുടെ അതിജീവന പോരാട്ടങ്ങൾക്ക് തുരങ്കം വയ്ക്കരുതെന്നും മുഖ്യമന്ത്രിയുടെ അഭ്യർത്ഥന.