വയനാട്. ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊന്നെന്ന് കുറ്റസമ്മതത്തിൻ്റെ അടിസ്ഥാനത്തിൽ നേപ്പാളി സ്വദേശികൾ അറസ്റ്റിൽ. നേപ്പാളി യുവതിയുടെ പരാതിയിൽ ഭർത്താവിനെയും മാതാപിതാക്കളെയും ആണ് കൽപ്പറ്റ പൊലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞിന്റെ മൃതദേഹത്തിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി…
നേപ്പാൾ സെമിൻപൂൾ ജില്ലയിലെ പാർവതി നൽകിയ പരാതിയിലാണ് ഭർത്താവ് റോഷൻ, അമ്മ മഞ്ജു, അച്ഛൻ അമർ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. പ്രസവിച്ച പിറ്റേ ദിവസം മൂന്ന് പേരും ചേർന്ന് ആൺ കുഞ്ഞിനെ കൊലപെടുത്തി എന്നായിരുന്നു പരാതി. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു.
ഏഴാം മാസത്തിലാണ് പാർവതി ഇവർ ജോലി ചെയ്തിരുന്ന ഹോട്ടൽ മുറിയിൽ പ്രസവിച്ചത്. പ്രസവിക്കാനായി മഞ്ജു മരുന്ന് നൽകിയതായും പരാതി ഉണ്ട്. ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ പ്രതികൾ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. ശേഷം ബാഗിൽ ആക്കി കുഴിച്ചുമൂടിയെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. എന്നാൽ മൃതദേഹം എവിടെയെന്ന് വ്യക്തമാക്കാൻ പ്രതികൾ തയ്യാറായിട്ടില്ല. മാസങ്ങളായി കുടുംബം പള്ളിത്താഴയിലുള്ള ഹോട്ടലിൽ ശുചീകരണ തൊഴിലാളികൾ ആണ്
പാർവതി ശുചിമുറിയിലേക്ക് പോയ സമയം പ്രതികൾ കുഞ്ഞിനെ കടത്തുകയായിരുന്നു എന്നാണ് മൊഴി. കുഞ്ഞിന്റെ മൃതദേഹത്തിനായി പൊലീസ് തിരച്ചിൽ വ്യാപകമാക്കി. പ്രതികളെ മാനന്തവാടി മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി. ഇവരെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകിയിട്ടുണ്ട്