അന്‍വറിനെ മുസ്ളിം ലീഗ് വിളിച്ചോ,അയ്യേ ഇല്ലെന്ന് നേതാക്കള്‍

Advertisement

മലപ്പുറം. പി വി അൻവർ എംഎൽഎയെ മുസ്ലിംലീഗിലേക്ക് സ്വാഗതം ചെയ്ത് മുസ്ലിം ലീഗ് നിലമ്പൂർ മണ്ഡലം പ്രസിഡൻറ് ഇഖ്ബാൽ മുണ്ടേരി . നാടിൻറെ നന്മയ്ക്കായി ഒരുമിച്ചു പോരാടാം എന്നായിരുന്നു ഇക്ബാലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. സ്വാഗതം ചെയ്ത നടപടി പി കെ കുഞ്ഞാലിക്കുട്ടിയും ഇടി മുഹമ്മദ് ബഷീറും തള്ളിപ്പറഞ്ഞതോടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു.

പി വി അൻവർ ഉണ്ടാക്കിയ കോലിളക്കം സിപിഎമ്മിൽ വലിയ ചർച്ചയാകുന്നതിനിടെ മുസ്ലിം ലീഗിന്റെ പ്രാദേശിക ഘടകം പി വി അൻവറിനെ സ്വാഗതം ചെയ്തത് പുതിയ രാഷ്ട്രീയ ചലനമായി. അൻവർ പറയുന്ന പല കാര്യങ്ങളും സത്യമാണ്. ഇനിയാണ് അൻവറിന്റെ യഥാർത്ഥ മുഖം പിണറായി കാണേണ്ടത്. ലീഗിന്റെയും യുഡിഎഫിന്റെയും നിലപാടാണ് സത്യമെന്ന് തിരിച്ചറിഞ്ഞ് അതിൻറെ കൂടെ നിൽക്കാൻ പഴയ കോൺഗ്രസുകാരനായ അൻവർ തയ്യാറാവുന്ന ഘട്ടം വരുമെന്ന് മുസ്ലിം ലീഗ് നിലമ്പൂർ മണ്ഡലം പ്രസിഡൻറ് ഇഖ്ബാൽ മുണ്ടേരി ഫെയ്സ്ബുക്കിൽ കുറിച്ചു. എന്നാൽ ഉടൻതന്നെ പാർട്ടി ഇടപെടൽ ഉണ്ടായി. പി കെ കുഞ്ഞാലി കുട്ടിയും ഇടി മുഹമ്മദ് ബഷീറും ഇക്ബാലിൻ്റെ നടപടിയെ തള്ളിപ്പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു.

അൻവറിനെ ആരും ലീഗിലേക്ക് സ്വാഗതം ചെയ്തിട്ടില്ലെന്ന് പി എം എ സലാമും പ്രതികരിച്ചു. അങ്ങനെ ഒരു നീക്കം ഇല്ലെന്ന് നേതാക്കൾ അടിവരയിടുന്നു. പി വി അൻവറിനെപ്പോലൊരാളെ യുഡിഎഫിന് ആവശ്യമില്ലെന്ന് എം എം ഹസ്സൻ .

പല വ്യാഖ്യാനങ്ങൾക്കും അനവസരത്തിൽ ഇട നൽകുന്ന പോസ്റ്റ് എന്നതാണ് പൊതുവിമർശനം.അതുകൊണ്ടുതന്നെ മണ്ഡലം പ്രസിഡന്റിനെതിരെ നടപടിയെടുക്കാനാണ് ലീഗ് നേതൃത്വത്തിൽ ആലോചന.