ഷിരൂർ: അർജുനു വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിച്ച് മടങ്ങുന്നതായി മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ. വെള്ളത്തിൽ മുങ്ങിയുള്ള തെരച്ചിലിന് അനുമതി നൽകാത്തതിനെ തുടർന്നാണ് മൽപെയും സംഘവും മടങ്ങിയത്. ഇനി ഷിരൂരിലേക്ക് ഇല്ലെന്നും ഉഡുപ്പിയിലേക്ക് മടങ്ങുകയാണെന്നും അറിയിച്ച മൽപെ അർജുന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.
ഡ്രജർ ഉപയോഗിച്ച് മണ്ണുനീക്കി പരിശോധന നടക്കുമ്പോൾ അതിന് സമീപത്തായി വെള്ളത്തിൽ മുങ്ങി പരിശോധന നടത്താനാവില്ലെന്നായിരുന്നു പൊലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിലപാട്. അതുകൂടാതെ ഡ്രജർ എത്തിച്ച ഗോവയിലെ കമ്പനി ഒരു ഡൈവറെയും ഷിരൂരിലെത്തിച്ചിരുന്നു. സർക്കാർ നിയോഗിച്ചിട്ടുള്ള സംവിധാനങ്ങൾ മാത്രം അർജുൻ ഉൾപ്പെടെ മണ്ണിടിച്ചിലിൽ കാണാതായവർക്കായി തെരച്ചിൽ നടത്തിയാൽ മതിയെന്ന നിർദേശത്തെ തുടർന്നാണ് മൽപെയുടെ മടക്കം. ഷിരൂർ ജില്ലാ ഭരണകൂടവും അർജുന്റെ കുടുംബത്തിനുവേണ്ടി തെരച്ചിലിന് ഇറങ്ങിയ മൽപെയുടെ സംഘവും തമ്മിൽ തുടക്കത്തിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു.