മൈനാഗപ്പള്ളി അപകടം:പ്രതികളുടെ പരസ്പര വിരുദ്ധ മൊഴിക്കു പിന്നിൽ രക്ഷപ്പെടാനുള്ള തന്ത്രമെന്ന് അന്വേഷണസംഘം

Advertisement

ശാസ്താംകോട്ട (കൊല്ലം):മൈനാഗപ്പള്ളി ആനുർക്കാവിൽ തിരുവോണ ദിവസം പഞ്ഞിപ്പുല്ലുംവിള വീട്ടിൽ നൗഷാദിൻ്റെ ഭാര്യ കുഞ്ഞുമോളെ (45) ഇടിച്ചിട്ടശേഷം ശരീരത്തിലൂടെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഇടക്കുളങ്ങര പുന്തല തെക്കതിൽ മുഹമ്മദ് അജ്മലിനെയും (29),നെയ്യാറ്റിൻകര സ്വദേശി ഡോ.ശ്രീക്കുട്ടിയുടെയും കസ്റ്റഡി കാലാവധി ഞായറാഴ്ച അവസാനിച്ചു.ഒന്നാം പ്രതിയായ അജ്മലും രണ്ടാം പ്രതിയായ ഡോ.ശ്രിക്കുട്ടിയും കസ്റ്റഡി കാലയളവിൽ പൊലീസിനു നൽകിയ പരസ്പരവിരുദ്ധമായ മൊഴികൾ രക്ഷപ്പെടാനുള്ള തന്ത്രത്തിൻ്റെ ഭാഗമാണെന്ന വിലയിരുത്തലിലാന്ന് അന്വേഷണസംഘം.ശ്രീക്കുട്ടി അജ്മലിനെ തള്ളിപ്പറയുക വഴി മുൻകൂർ ജാമ്യത്തിന് വീണ്ടും കോടതിയെ സമീപിക്കുമ്പോൾ അവരുടെ നിരപരാധിത്വം കണക്കിലെടുത്ത് വേഗത്തിൽ ജാമ്യം സാധ്യമാക്കുകയെന്നതാണ് ലക്ഷ്യം. ഇങ്ങനെ പുറത്തിറങ്ങി കഴിഞ്ഞാൽ അജ്മലിനു വേണ്ടി രംഗത്തിറങ്ങാം.ഇരുവരുടെയും അഭിഭാഷകർ തയ്യാറാക്കിയ തിരക്കഥയാണ് പൊലീസിനു മുൻപിൽ വിളമ്പിയതെന്ന് സാരം.

മദ്യം കുടിക്കാൻ അജ്മൽ പ്രേരിപ്പിച്ചിരുന്നു,അയ്യാളുടെ സമ്മർദ്ദത്തെ തുടർന്നാണ് മദ്യം കുടിച്ചതെന്ന ശ്രീക്കുട്ടിയുടെ മൊഴി പാടെ തള്ളുന്നതാണ് സംഭവം നടന്നതിൻ്റെ തലേ ദിവസം ഇരുവരും കഴിഞ്ഞ കരുനാഗപ്പള്ളിയിലെ ഹോട്ടൽ മുറിയിൽ നിന്നും പൊലീസിനു ലഭിച്ച തെളിവുകൾ.രാസ ലഹരി ഉപയോഗിച്ചതിൻ്റെ ട്യൂബുകൾ വരെ ഇവിടെ നിന്നും ലഭിച്ചിരുന്നു.പ്രതികളുടെ വൈദ്യ പരിശോധനാഫലത്തിലും രാസ ലഹരി ഉപയോഗിച്ചതായി തെളിഞ്ഞിരുന്നു.എന്നാൽ ശ്രീക്കുട്ടി ആവശ്യപ്പെട്ട പ്രകാരമാണ് മദ്യം വാങ്ങി നൽകിയതെന് അജ്മൽ പറയുന്നു.മനപ്പൂർവ്വം ആയിരുന്നില്ല യുവതിയുടെ ദേഹത്തു കൂടി വാഹനം കയറ്റിയത്.യുവതി വാഹനത്തിൻ്റെ അടിയിലാണെന്ന് കണ്ടിരുന്നില്ലെന്നും അജ്മൽ.നാട്ടുകാർ അസഭ്യം പറഞ്ഞു കൊണ്ട് ഓടികൂടിയപ്പോൾ മർദ്ദിക്കുമെന്ന ഭയം കൊണ്ടാണ് താൻ വാഹനം മുന്നോട്ടെടുത്തത്.അപകടത്തെ കുറിച്ച് ശ്രീക്കുട്ടിയും ഇതേ രീതിയിലുള്ള മൊഴിയാണ് നൽകിയിട്ടുള്ളത്.കേസിൻ്റെ വിചാരണയിൽ രക്ഷപ്പെടാനുള്ള ആസൂത്രിത നീക്കമായാണ് അന്വേഷണസംഘം ഇരുവരുടെയും വെളിപ്പെടുത്തലുകളെ കാണുന്നത്.അതിനിടെ മുഹമ്മദ് അജ്മലിനും ഡോ.ശ്രീക്കുട്ടിക്കുമെതിരെ
ചുമത്തിയിരിക്കുന്ന മനപൂർവ്വമുള്ള നരഹത്യ,പ്രേരണാകുറ്റം എന്നീ വകുപ്പുകൾ മാറ്റി കൊലപാതകം ആക്കാൻ സാധ്യത ഉണ്ടെന്നും പറയപ്പെടുന്നു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here