വാർത്താനോട്ടം

Advertisement

2024 സെപ്തംബർ 23 തിങ്കൾ

BREAKING NEWS

👉ശശീന്ദ്രൻ രാജിവെച്ചാൽ എൻസിപി ക്ക് പകരം മന്ത്രി ഉണ്ടാകില്ലെന്ന് സൂചന; സമ്മർദ്ദ തന്ത്രമെന്ന് തോമസ് കെ ഉമ്മൻ പക്ഷം

👉കണ്ണൂർ കോളിത്തട്ട് സഹകരണ ബാങ്കിൽ 30 കോടിയിലേറെ രൂപയുടെ ക്രമക്കേട്;നിക്ഷേപകർക്ക് പണം തിരികെ നൽകുന്നില്ലെന്ന് പരാതി

👉ബാങ്കിന് മുന്നിൽ ഉപവാസ സമരവുമായി നിക്ഷേപകർ ,ഭരണ സമിതി അംഗങ്ങൾക്കെതിരെ നടപടിയുമായി സി പി എം

👉 തൃശൂർ പൂരം: ഡിജിപി ഇന്ന് സർക്കാരിന് റിപ്പോർട്ട് നൽകും; എം ആർ അജിത്ത് കുമാറിന് എതിരായ വിജിലൻസ് അന്വേഷണം ഇന്ന് തുടങ്ങും.

👉അന്തരിച്ച മുതിർന്ന സി പി എം നേതാവ് എം എം ലോറൻസിൻ്റെ ഭൗതിക ശരീരം വൈകിട്ട് എറണാകുളം ഗവ.മെഡിക്കൽ കോളജിന് കൈമാറും.

🌴 കേരളീയം🌴

🙏രണ്ട് ചക്രവാത ചുഴി രൂപപ്പെട്ട സാഹചര്യത്തില്‍ ബംഗാള്‍ ഉള്‍കടലിനു മുകളില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്തെ മഴ സാഹചര്യം വീണ്ടും ശക്തമാകുന്നു. ഇന്ന് എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളി ൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

🙏തൃശൂര്‍ പൂരം അലങ്കോലമായതില്‍ ബാഹ്യശക്തികളുടെ ഇടപെടലോ ഗൂഢാലോചനയോ ഇല്ലെന്ന് എഡിജിപി എം ആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ട്. സംഭവിച്ചത് സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകിന് ഏകോപനത്തില്‍ ഉണ്ടായ പാളിച്ച മാത്രമാണെന്നാണ് എഡിജിപി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

🙏 തൃശൂര്‍ പൂരം കലക്കിയതില്‍ ഗൂഢാലോചനയുണ്ടെന്ന് സിപിഐ നേതാവും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ തൃശൂര്‍ ലോക്സഭാ സ്ഥാനാര്‍ത്ഥിയുമായിരുന്ന വി.എസ്.സുനില്‍കുമാര്‍. ബാഹ്യ ഇടപെടല്‍ ഇല്ലെന്ന റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ലെന്നും പൂരം അലങ്കോലമായതില്‍ ബന്ധപ്പെട്ട ആളുകള്‍ക്ക് കൈകഴുകാനാകില്ലെന്നും സുനില്‍ കുമാര്‍ പറഞ്ഞു.

🙏 തിരുവമ്പാടി ,പാറമേ
ക്കാവ് ദേവസ്വം അധികൃതര്‍ പൂരം കലക്കലിലെ അന്വേഷണ റിപ്പോര്‍ട്ട് തള്ളി. റിപ്പോര്‍ട്ട് ഇങ്ങനെ ഉണ്ടാകുമെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും അറിയാമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ.ഗിരീഷ് കുമാര്‍ പറഞ്ഞു.

🙏 നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അന്‍വറിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയതിന് പിന്നാലെ പാര്‍ട്ടിയേയും മുന്നണിയേയും ദുര്‍ബലപ്പെടുത്തുന്ന നടപടിയാണ് അന്‍വറിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നതെന്നും പരസ്യ പ്രതികരണങ്ങളില്‍ നിന്ന് പിന്‍മാറണമെന്നും സിപിഎം അഭ്യര്‍ത്ഥിച്ചു.

🙏 സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പരസ്യ താക്കീതിന് പിന്നാലെ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് പി.വി.അന്‍വര്‍. പാര്‍ട്ടിയില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും നീതി ലഭിക്കും എന്ന ഉറപ്പുണ്ടെന്നും പാര്‍ട്ടിയാണ് എല്ലാത്തിനും മുകളിലെന്നും ആയതിനാല്‍ പരസ്യ പ്രസ്താവന ഈ നിമിഷം മുതല്‍ താന്‍ താത്ക്കാലികമായി അവസാനിപ്പിക്കുകയാണെന്നും അന്‍വര്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

🙏 സ്വര്‍ണക്കടത്തു സംഘവുമായി ചേര്‍ന്ന് ചിലര്‍ പൊലീസിനെതിരെ ഗൂഢാലോചന നടത്തിയെന്നും ഇതിനു ചില പൊലീസുകാരുടെ
സഹായം ലഭിച്ചെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സ്വര്‍ണക്കടത്തു പിടികൂടുന്നതില്‍ വിട്ടുവീഴ്ചയില്ലെന്നും പൊലീസിനെ നിര്‍വീര്യമാക്കുന്ന നടപടിയുണ്ടാകില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത് ഈ റിപ്പോര്‍ട്ടുകളുടെകൂടി അടിസ്ഥാനത്തിലാണ്.

🙏 മണ്ണിടിഞ്ഞ് കാണാതായ അര്‍ജുനടക്കമുള്ളവര്‍ക്കായുള്ള തെരച്ചില്‍ നടക്കുന്ന ഷിരൂരില്‍ നിന്ന് മടങ്ങുന്നുവെന്ന് പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ. പൊലീസ് താന്‍ ഗംഗാവലി പുഴയിലിറങ്ങി പരിശോധിക്കുന്നത് തടയുകയാണെന്നും അതിനാല്‍ മടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

🙏 ഈശ്വര്‍ മാല്‍പെയോട് മുങ്ങല്‍ പരിശോധന നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ഡ്രസ്ജിംഗ് സമയത്ത് മുങ്ങരുത് എന്ന് മാത്രമാണ് പറഞ്ഞതെന്നും ഡ്രഡ്ജിംഗ് സമയത്ത് മുങ്ങിയുള്ള പരിശോധന അപകടകരമായതുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ. ഇന്ന് നാവിക സേന ഷിരൂരില്‍ എത്തുമെന്നും നേവിയുടെ സോണാര്‍ പരിശോധനയില്‍ സ്പോട്ട് ചെയ്ത സ്ഥലങ്ങള്‍ കേന്ദീകരിച്ച് പരിശോധന തുടരുമെന്നും ലക്ഷ്മി പ്രിയ വ്യക്തമാക്കി.

🙏 ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കൂടുതല്‍ വിവരങ്ങള്‍ തേടാന്‍ ദേശീയ വനിതാ കമ്മീഷന്‍ കേരളത്തിലെത്തും. കേരളത്തിലെത്തി അതിജീവിതകളുടെ മൊഴിയെടുത്ത ശേഷം തുടര്‍നടപടികള്‍ ആലോചിക്കുമെന്ന് കമ്മീഷന്‍ അംഗങ്ങള്‍ അറിയിച്ചു.

🙏 ആലപ്പുഴയിലെ സംസ്ഥാന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി രാജീവിനെ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പൊലീസ് മേധാവി സര്‍വീസില്‍നിന്ന് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

🙏കേരള സര്‍വ്വകലാശാലയില്‍ കരാര്‍ ജോലിയില്‍ ഏര്‍പ്പെട്ടിരുന്നവരെ സ്ഥിരപ്പെടുത്താമെന്ന് വാഗ്ദാനം നല്‍കി പണം തട്ടിയെന്ന കേസിലെ പ്രതിക്ക് സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. തിരുവനന്തപുരത്തെ ശ്രീകാര്യം, മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന കേസുകളിലെ രണ്ടാം പ്രതിയായ എ കൃഷ്ണകുമാറിനാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.

🙏തനിക്ക് പക്ഷാഘാതമുണ്ടായെന്നും ആശുപത്രിയിലായിരുന്നെന്നും വ്യക്തമാക്കി കവിയും ഗാനരചയിതാവും സംവിധായകനും സംഗീത സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി. ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

🙏മുവാറ്റുപുഴ മാറാടിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വടിവാള്‍ വീശി ഭീഷണി മുഴക്കിയ മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം അമീര്‍ അലിയുടെ മകനായ ഹാരീസിനെ അറസ്റ്റ് ചെയ്തു. ഫുട്ബോള്‍ കളിക്കിടെ കുട്ടികള്‍ തമ്മില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് മുവാറ്റുപുഴ സ്വദേശി ഹാരിസ് പി. എ വടിവാളുമായി എത്തിയത്.

🇳🇪 ദേശീയം 🇳🇪

🙏നീറ്റ്-യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കി സിബിഐ. എന്‍ടിഎയോ അവിടുത്തെ ഉദ്യോഗസ്ഥരോ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഉള്‍പ്പെട്ടില്ലെന്ന് സിബിഐ വ്യക്തമാക്കി. ജാര്‍ഖണ്ഡ് ഹസാരിബാഗിലെ സ്‌കൂള്‍ കേന്ദ്രീകരിച്ചുള്ള സംഘമാണ് പേപ്പര്‍ ചോര്‍ത്തിയത്.

🙏അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരിനോട് വിവരങ്ങള്‍ ശേഖരിച്ച് കേന്ദ്ര തൊഴില്‍ മന്ത്രാലയം. മുബൈയിലെ ഇ വൈ കമ്പനിയിലെ ജീവനക്കാരിയായിരുന്ന മലയാളി യുവതിയായ അന്നയുടെ മരണത്തെ തുടര്‍ന്ന് ഇ വൈ കമ്പനിയിലെ തൊഴില്‍ സാഹചര്യങ്ങളെ കുറിച്ച് കേന്ദ്ര തൊഴില്‍ മന്ത്രാലയം വിവരങ്ങള്‍ തേടി.

🙏തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിലെ സാംസംഗ് ഇന്ത്യ ഫാക്ടറിയില്‍ തൊഴിലാളികള്‍ നടത്തുന്ന സമരം തുടരുന്നു. സെപ്റ്റംബര്‍ ഒമ്പതിനാണ് സാംസങ് ഇന്ത്യയുടെ നിര്‍മ്മാണ യൂണിറ്റില്‍ സമരം തുടങ്ങിയത്. സിപിഎമ്മിന്റെ തൊഴിലാളി സംഘടനയായ സിഐടിയുവാണ് സമരത്തിന് പിന്തുണ നല്‍കുന്നത്.

🙏മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് ശേഷം ദില്ലിയില്‍ നടത്തിയ ആദ്യ പൊതുപരിപാടിയില്‍ ബി ജെ പിയെ കടന്നാക്രമിച്ചും ആര്‍ എസ് എസിനോട് ചോദ്യങ്ങള്‍ ഉന്നയിച്ചും അരവിന്ദ് കെജ്രിവാള്‍ രംഗത്ത്. ബി ജെ പിയിലെ പ്രായ പരിധിയിലടക്കം ആര്‍ എസ് എസ് നിലപാട് വ്യക്തമാക്കണമെന്ന് കെജ്രിവാള്‍ ആവശ്യപ്പെട്ടു.

🙏 സ്വന്തമായി വീടില്ലാത്തതിനാല്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഒഴിഞ്ഞശേഷം ജനങ്ങള്‍ക്കൊപ്പം അവരുടെ വീട്ടില്‍ കഴിയുമെന്ന പ്രഖ്യാപനവുമായി അരവിന്ദ് കെജ്രിവാള്‍. ജന്തര്‍മന്തറില്‍ നടന്ന ജനതാ കി അദാലത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

🙏മദ്യനയക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയവെ അരവിന്ദ് കെജ്രിവാളിനെതിരെ മൊഴി നല്‍കാന്‍ സമ്മര്‍ദ്ദമുണ്ടായെന്ന് മനീഷ് സിസോദിയ. കെജ്രിവാളിനെതിരെ മൊഴി നല്‍കിയാല്‍ കേസില്‍ നിന്ന് രക്ഷപ്പെടുത്താം എന്ന് ചിലര്‍ പറഞ്ഞതായും ദില്ലി മുന്‍ ഉപമുഖ്യമന്ത്രി വിവരിച്ചു.

🙏യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ ദേശീയ അധ്യക്ഷനായി ഉദയ്ഭാനു ചിബിനെ നിയമിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് നിയമനം നടത്തിയത്.

🙏ഭീകരവാദികളേയും കല്ലെറിയുന്നവരേയും ജയില്‍ മോചിതരാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭീകരവാദത്തെ പാതാളത്തിലേക്ക് അടക്കം ചെയ്യുമെന്നും ഇത് തുടച്ചുനീക്കപ്പെടുന്നതുവരെ പാകിസ്താനുമായി ഒരു സംഭാഷണത്തിനുമില്ലെന്നും അമിത് ഷാ പറഞ്ഞു.

🇦🇴 അന്തർദേശീയം 🇦🇺

🙏ശ്രീലങ്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ മിന്നുന്ന ജയവുമായി ഇടതുനേതാവ് അനുര കുമാര ദിസനായകെ. ശ്രീലങ്കയുടെ ഒമ്പതാമത്തെ പ്രസിഡന്റായാണ് അനുര കുമാര തിരഞ്ഞെടുക്കപ്പെട്ടത്. മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ്പാര്‍ട്ടിയായ ജനതാ വിമുക്തി പെരമുനയുടെ നേതാവാണ് അനുര കുമാര. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ രണ്ടാം സ്ഥാനത്തും പ്രസിഡന്റ് റനില്‍ വിക്രമസിംഗെ മൂന്നാം സ്ഥാനത്തുമാണ് മത്സരം അവസാനിപ്പിച്ചത്.

🙏 പ്രവാസികള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരാണെന്നും അതുകൊണ്ടാണ് ഞാന്‍ നിങ്ങളെ ‘രാഷ്ട്രദൂതര്‍ ‘ എന്ന് വിളിക്കുന്നതെന്നും പല ഭാഷകളാണെങ്കിലും നാമെല്ലാം ഇന്ത്യക്കാരാണെന്നും ഒന്നാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

🏏 കായികം

👉 ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ച് കരുത്ത് കാട്ടി കേരള ബ്ലാസ്റ്റേഴ്സ്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മഞ്ഞപ്പട ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിന്നിലായ ശേഷം രണ്ടു ഗോള്‍ തിരിച്ചടിച്ച ബ്ലാസ്റ്റേഴ്‌സ് ഇതോടെ സീസണിലെ ആദ്യജയവും കുറിച്ചു.

👉 ബംഗ്ലാദേശിനെതി
രായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 280 റണ്‍സിന്റെ കൂറ്റന്‍ ജയം. 158 ന് 4 എന്ന നിലയില്‍ 515 റണ്‍സ് വിജയലക്ഷ്യവുമായി നാലാംദിനം കളിതുടര്‍ന്ന ബംഗ്ലാദേശ് 234 ന് പുറത്താവുകയായിരുന്നു.

👉 ലോക ചെസ് ഒളിമ്പ്യാഡില്‍ ചരിത്രമെഴുതി ഇന്ത്യന്‍ സംഘം. ബുദാപെസ്റ്റില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ ഓപ്പണ്‍ വിഭാഗത്തിലും വനിതാ വിഭാഗത്തിലും സ്വര്‍ണനേട്ടത്തോടെയാണ് ഇന്ത്യന്‍ സംഘം ചരിത്രം കുറിച്ചത്. ഇതാദ്യമായാണ് ഇരുവിഭാഗങ്ങളിലും ഇന്ത്യ ജേതാക്കളാകുന്നത്.