കവിയൂര്‍ പൊന്നമ്മയെക്കുറിച്ച് മോഹന്‍ലാലിന്റെ പേരില്‍ വ്യാജ അനുസ്മരണക്കുറിപ്പ്: ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ക്ക് സസ്പെന്‍ഷന്‍

Advertisement

അന്തരിച്ച നടി കവിയൂര്‍ പൊന്നമ്മയെ അനുസ്മരിച്ച് മോഹന്‍ലാലിന്റെ പേരില്‍ ദേശാഭിമാനി പത്രത്തില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ ഗുരുതര പിഴവ് വന്നതിന്റെ പേരില്‍ ന്യൂസ് എഡിറ്റര്‍ക്ക് സസ്പെന്‍ഷന്‍. ദേശാഭിമാനി കണ്ണൂര്‍ ന്യൂസ് എഡിറ്റര്‍ എ വി അനില്‍ കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ദേശാഭിമാനി ഫീച്ചര്‍ ഡസ്‌കിന്റെ ചുമതല വഹിച്ചിരുന്ന അനില്‍കുമാര്‍ സ്വന്തമായി എഴുതിയ കുറിപ്പിന് മോഹന്‍ലാലിന്റെ അനുമതിയില്ലാതെ അദ്ദേഹത്തിന്റെ പേര് വെച്ചതും അതില്‍ സാരമായ തെറ്റ് വന്നതും ഗുരുതരമായ കുറ്റമായി ദേശാഭിമാനി മാനേജ്മെന്റും സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
മോഹന്‍ലാലിന്റെ ജീവിച്ചിരിക്കുന്ന അമ്മയെ മരിച്ചതായാണ് കുറിപ്പില്‍ ചിത്രീകരിച്ചത്. ഇത് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.
ശനിയാഴ്ച പ്രസിദ്ധീകരിച്ച പത്രത്തില്‍ ‘അമ്മ, പൊന്നമ്മ’എന്ന തലക്കെട്ടില്‍ മോഹന്‍ലാല്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ പറയുന്നത് ഇങ്ങനെ ‘…എന്റെ ആരാധകരും അതേറെ ഇഷ്ടപ്പെട്ടതാണെന്നാണ് മനസ്സിലാക്കുന്നത്. രണ്ട് പ്രിയപ്പെട്ട അമ്മമാരില്‍ ജന്മം തന്ന അമ്മ നേരത്തെ യാത്ര പറഞ്ഞു പോയി. ഇതാ ഇപ്പോള്‍ അത്രമേല്‍ ആഴത്തില്‍ സ്നേഹിച്ച സിനിമയിലെ അമ്മയും വിട പറഞ്ഞിരിക്കുന്നു…’. വിഷയം സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായതിനെ തുടര്‍ന്ന് ഞായറാഴ്ച സംഭവിച്ച പിശകുകളില്‍ പത്രം നിര്‍വ്യാജമായി ഖേദം പ്രകടിപ്പിച്ചിരുന്നു. പിന്നാലെയാണ് ന്യൂസ് എഡിറ്റര്‍ അനില്‍ കുമാറിനെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here