എഡിജിപി എം ആർ അജിത്കുമാർ നടത്തിയ പൂരം കലക്ക് അന്വേഷണ റിപ്പോർട്ടിൽ ആർക്കെതിരെയും നടപടിക്ക് ശുപാർശയില്ല

Advertisement

തിരുവനന്തപുരം. തൃശൂർ പൂരം അലങ്കോലപ്പെട്ടതിനെ കുറിച്ച് എഡിജിപി എം ആർ അജിത്കുമാർ നടത്തിയ അന്വേഷണ റിപ്പോർട്ടിൽ ആർക്കെതിരെയും നടപടിക്ക് ശുപാർശയില്ല. സിറ്റി പോലീസ് കമ്മിഷണറുടെ പരിചയക്കുറവും അനുനയമില്ലായ്മയും പൂരം അലങ്കോലപ്പെടുത്തി എന്നു കുറ്റപ്പെടുത്തുമ്പോഴും തുടർനടപടി എന്തെന്ന് പറയാതെ ആണ് റിപ്പോർട്ട്‌ അവസാനിപ്പിക്കുന്നത്.

മുൻ തൃശൂർ കമ്മിഷണർ അങ്കിത് അശോകന്റെ വീഴ്ചയാണ് പൂരം അലങ്കോലപ്പെടാൻ കാരണമെന്ന് റിപ്പോർട്ട് സമ്മതിക്കുമ്പോഴും ആർക്കെതിരെയും ഒരു നടപടിയും ശുപാർശ ചെയ്യുന്നില്ല. പൂര ദിവസം നഗരത്തിൽ തന്നെ ഉണ്ടായിരുന്നെങ്കിലും കമ്മീഷണറെ വേണ്ട നിർദേശങ്ങൾ നൽകേണ്ട എഡിജിപി അജിത്കുമാറിന്റെ മൗനത്തെ കുറിച്ചും ഒരു പരാമർഷവും ഇല്ല. നഗരത്തിൽ തങ്ങി പിറ്റേദിവസം മൂകാംബികയിലേക്ക് പോയെന്നാണ് ഡിജിപിയോട് അജിത് കുമാർ നൽകിയ വിശദീകരണം. എന്നാൽ ചുമതലയുണ്ടായിരുന്ന
IG, DIG എന്നിവരെക്കുറിച്ച് മിണ്ടാട്ടമില്ല.
ഉന്നത ഉദ്യോഗസ്ഥരെ കമ്മീഷണർ വിവരമറിയിച്ചില്ലെന്ന് മാത്രമാണ് റിപ്പോർട്ടിൽ ഉള്ളത്. സ്ഥലത്തുണ്ടായിരുന്ന IG കെ സേതുരാമനും DIG അജീത ബീഗവും എന്ത് ചെയ്‌തെന്നും അറിയില്ല. കടുത്ത നിയന്ത്രണങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകിയ പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിൽ നിയോഗിക്കാത്തത് എന്തുകൊണ്ടെന്നുള്ള ചോദ്യത്തിനും ഉത്തരമില്ല. 1500 പേജുകൾ വരുന്ന റിപ്പോർട്ടിൽ ആകെയുള്ളത് പൂരം നടത്തിപ്പിന്റെ സുരക്ഷ പ്രോട്ടോക്കോളും, ചിത്രങ്ങളും വരുത്തേണ്ട മാറ്റങ്ങളും മാത്രം. റിപ്പോർട്ട് ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. ഉള്ളടക്കം പരിശോധിച്ച ശേഷം ആഭ്യന്തര സെക്രട്ടറി ആകും മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകുക.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here